SignIn
Kerala Kaumudi Online
Thursday, 19 February 2026 8.00 AM IST

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്, പരാതിക്കാരന്റെ മൊഴിയെടുക്കും

Increase Font Size Decrease Font Size Print Page
suresh-gopi

തൃശൂർ: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ധരിച്ച മാലയിൽ പുലിപ്പല്ലുണ്ടെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് വനംവകുപ്പ്. പരാതിക്കാരനായ വാടാനപ്പള്ളി സ്വദേശിയും ഐഎൻടിയുസി യുവജന വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എഎ മുഹമ്മദ് ഹാഷിമിന്റെ മൊഴിയും രേഖപ്പെടുത്തും. ഈ മാസം 21ന് പട്ടിക്കാട് റേഞ്ച് ഓഫീസർക്ക് മുന്നിൽ ഹാജരാകാൻ ഹാഷിമിന് വനംവകുപ്പ് നോട്ടീസയച്ചു. തെളിവുകൾ കൈവശമുണ്ടെങ്കിൽ അത് ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.

റാപ്പർ വേടൻ (ഹിരൺദാസ് മുരളി) പുലിപ്പല്ല് കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിഷയവും ഉയർന്നുവന്നത്. പുലിപ്പല്ല് മാല ധരിച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങൾ സഹിതമാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹാഷിം പരാതി നൽകിയിരുന്നത്. ഈ പരാതി പിന്നീട് വനംവകുപ്പിന് കൈമാറുകയായിരുന്നു.

വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണ് സുരേഷ് ഗോപി ചെയ്‌തതെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും നിയമം സംരക്ഷിക്കാൻ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ സുരേഷ് ഗോപിയുടെ നിയമലംഘനം ഭരണഘടനാ വിരുദ്ധവും ഗുരുതര കൃത്യവിലോപവുമാണെന്ന് പരാതിക്കാരൻ ആരോപിച്ചിരുന്നു.

വനം - വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ രണ്ടാം ഭാഗത്തിലാണ് പുലി ഉൾപ്പെട്ടിട്ടുള്ളത്. പാരമ്പര്യമായി കൈമാറി ലഭിച്ചതാണെങ്കിൽപ്പോലും പുലിപ്പല്ല് സൂക്ഷിക്കാൻ പാടില്ല.

TAGS: SURESH GOPI, TIGER TOOTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY