
കാട്ടാക്കട: പ്രണയത്തിൽ നിന്ന് പിൻമാറാൻ വിസമ്മതിച്ച യുവാവിനെ പെൺകുട്ടിയുടെ ബന്ധു കുത്തിക്കൊന്നു.
കാട്ടാക്കട കിള്ളി കുളത്തുമ്മൽ എള്ളുവിള വീട്ടിൽ മണിയന്റെ മകൻ രാഹുലാണ് (24) മരിച്ചത്. താക്കോൽ ചെയിനിനൊപ്പമുള്ള മൂർച്ചയുള്ള ആയുധം ഉപയോഗിച്ചായിരുന്നു കൊലപാതകം. വ്യാഴാഴ്ച രാത്രി 10.30ഓടെ കിള്ളി നെയ്യാർ മെഡിസിറ്റി ആശുപത്രിയ്ക്ക് സമീപമായിരുന്നു സംഭവം. കിള്ളി പനയംകോട് സ്വദേശി രാഹുൽ (18), കിള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന പൂവച്ചൽ കൊണ്ണിയൂർ സ്വദേശി ഉസ്മാൻ (23) എന്നിവരെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു.
ഒന്നാം പ്രതി രാഹുലിന്റെ ബന്ധുവായ പെൺകുട്ടിയുമായി രാഹുലിനുണ്ടായിരുന്ന പ്രണയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്ന സ്ഥലത്തേക്ക് രാഹുലിനെ പ്രതികൾ വിളിച്ച് വരുത്തുകയായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ വാഹനത്തിന്റെ താക്കോലിനൊപ്പമുള്ള മൂർച്ചയുള്ള ആയുധം കൊണ്ടാണ് കുത്തിയത്. ഇടത് വാരിയെല്ലിന് സമീപത്തായി ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. അബോധവാസ്ഥയിലായ രാഹുലിനെ കൂടെ വന്ന സുഹൃത്തുക്കൾ കാട്ടാക്കട ഗവ.ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ മരിച്ചു. അവിവാഹിതനായ രാഹുലിന് ടൈൽസിന്റെയും ഇന്റർലോക്കിന്റെയും ജോലിയായിരുന്നു.
രക്ഷപ്പെട്ട പ്രതികളെ കിള്ളി ഭാഗത്തുവച്ചുതന്നെ പൊലീസ് പിടികൂടി.കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെടുക്കാനുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.രാഹുലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മാതാവ്: ബീന. സഹോദരി: ആതിര.
(ഫോട്ടോ അടിക്കുറിപ്പ്...കൊല്ലപ്പെട്ട രാഹുൽ(24)
അറസ്റ്റിലായ പ്രതികൾ : രാഹുൽ(18),ഉസ്മാൻ(23)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |