പാലക്കാട് /കോഴിക്കോട്: ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്‌സ്‌പ്രസ് ട്രെയിനിൽ യാത്രക്കാരെ പെട്രോളൊഴിച്ച് തീവച്ചതിനു പിന്നിൽ തീവ്രവാദവുമായി ബന്ധപ്പെട്ട ആസൂത്രണവും ഗൂഢാലോചനയും ഉണ്ടെന്ന സംശയം ബലപ്പെട്ടു.
ഷഹീൻബാഗിലെ ബന്ധുക്കളുടെ മൊഴികളും 2021 മുതലുള്ള ഷാരൂഖിന്റെ ഫോൺകോളുകളും ചാറ്റുകളും ഷഹീൻബാഗിൽ നിന്ന് ഷൊർണൂരിലേക്ക് എത്തിയതും അവിടത്തെ പെട്രോൾ പമ്പ് തെരഞ്ഞെടുത്തതുമെല്ലാം വലിയ ആസൂത്രണത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് അന്വേഷണോദ്യോഗസ്ഥർ കരുതുന്നു.
കേരളത്തിൽ നിന്നുള്ള സംഘം ബന്ധുക്കളുമായി സംസാരിച്ചതിൽ ഷാരൂഖ് സെയ്ഫിക്ക് മാനസികപ്രശ്‌നങ്ങൾ ഉള്ളതായി കാണുന്നില്ല. പൊതുവേ ബഹളക്കാരനായിരുന്ന ഇയാൾ രണ്ടുവർഷമായി ഒതുങ്ങിയ പ്രകൃതമായിരുന്നു. അധികം സംസാരമില്ല. എന്നാൽ പുറത്തെ കൂട്ടുകെട്ട് കൂടി. മത കാര്യങ്ങളിൽ കൂടുതൽ നിഷ്ഠയായി. ഇതെല്ലാം ബാഹ്യ ശക്തികളുമായുള്ള ബന്ധത്തിന്റെ സൂചനയായി കാണുന്നു. ഇതുവരെ കിട്ടിയ തെളിവുകൾ ഭീകര ബന്ധത്തിലേക്ക് നയിക്കുന്നു എന്നാണ് എൻ.ഐ.എ-എ.ടി.എസ് വിലയിരുത്തൽ. ചോദ്യം ചെയ്യലിൽ തീവ്രവാദബന്ധം ബലപ്പെട്ടാൽ കേസ് പൊലീസ് എൻ.ഐ.എക്ക് കൈമാറും.
വന്നത് സമ്പർക്ക ക്രാന്തിയിൽ
ഷാരൂഖ് ഏപ്രിൽ ഒന്നിന് ശനിയാഴ്ച ഉച്ചയ്ക്ക് 3.10ന് സമ്പർക്ക ക്രാന്തി എക്‌സ്‌പ്രസിലാണ് ഷൊർണൂരിലെത്തിയത്. അവിടെ നിന്ന് ഓട്ടോയിൽ ഒരു കിലോമീറ്റർ അകലെയുള്ള ഇന്ത്യൻ ഓയിലിന്റെ പമ്പിൽ പോയാണ് പെട്രോൾ വാങ്ങിയത്. രണ്ട് കാനുകളിലായി നാല് ലിറ്റർ പെട്രോൾ വാങ്ങിയെന്നാണ് പമ്പ് ജീവനക്കാരുടെ മൊഴി. ഇയാൾ പെട്രോൾ വാങ്ങുന്നതിന്റെ കാമറ ദൃശ്യങ്ങൾ പമ്പിൽ നിന്ന് കിട്ടി. അതേ ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിലേക്ക് തിരികെ പോയി.
ഈ ഓട്ടോ കണ്ടെത്തിയിട്ടില്ല. പെട്രോൾ വാങ്ങിയ ശേഷം ഒരു രാത്രിയും പകലും ഷാരൂഖ് എവിടെയായിരുന്നുവെന്നത് ദുരൂഹമാണ്. ഞായറാഴ്ച രാത്രി ഏഴിനുള്ള എക്സിക്യൂട്ടീവ് എക്സ്‌പ്രപ്രസിൽ രണ്ട് കാൻ പെട്രോളുമായി കയറുന്ന ദൃശ്യങ്ങളും, ശേഖരിച്ചിട്ടുണ്ട്.
പ്രാദേശിക സഹായത്തിന്റെ വഴി
കേരളത്തിൽ ആദ്യമായി വന്ന ഷാരൂഖിന് കൃത്യമായി ഷൊർണൂരിൽ ഇറങ്ങാനും ഓട്ടോ വിളിച്ച് പമ്പിൽ പോകാനുമെല്ലാം പ്രാദേശിക സഹായം കിട്ടിയെന്നാണ് അനുമാനം. കോഴിക്കോട്ട് ട്രെയിനിൽ
ആക്രമണം നടത്താനായിരുന്നെങ്കിൽ ഷൊർണൂർ വരെ പോകേണ്ടതില്ല. കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപം നിരവധി പമ്പുകളുണ്ട്. അവിടെ നിന്ന് പെട്രോൾ വാങ്ങി ട്രെയിനിൽ കയറിയാൽ മതി.
ഡി-വൺ കോച്ച് തെരഞ്ഞെടുത്തതിലും ദുരൂഹതയുണ്ട്. ഡി-വൺ കോച്ചിന് പിറകിൽ എ.സി കംപാർട്ട്മെന്റാണ്. തീയിടുമ്പോൾ എളുപ്പം പടരാനുള്ള സാദ്ധ്യത നിറയെ കർട്ടനുകളും മറ്റുമുള്ള എ.സി കോച്ചിലാണ്. അത് സംഭവിക്കുക പാലത്തിനു മുകളിൽ വച്ചാവും.അപകടത്തിന്റെ ആഴം വിവരണാതീതമാവും. ഷഹീൻബാഗിൽ നിന്ന് വന്ന മരപ്പണിക്കാരനായ യുവാവ് ഇത്രയും ചെയ്തെങ്കിൽ പിന്നിൽ വലിയ ശക്തികൾ ഉണ്ടാവാം.
ഉയരുന്ന സംശയങ്ങൾ
1-കോഴിക്കോട്ടെ ആക്രമണത്തിന് എന്തിന് ഷൊർണൂർ വരെ പോയി ?
2-പെട്രോൾ വാങ്ങൻ ഒരുകിലോമീറ്റർ അകലെ പോയതെന്തിന് ?
3-കോരപ്പുഴ പാലത്തിനു മുകളിലേക്ക് എത്തുമ്പോൾ തീവച്ചതെന്തിന് ?
4. ആസൂത്രണം എവിടെ, എന്തിന്, പിന്നിൽ ആരൊക്കെ ?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |