തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്കയച്ച ശരീരഭാഗങ്ങൾ കാണാതായ സംഭവത്തിൽ ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ. ഹൗസ് കീപ്പിംഗ് വീഭാഗം ജീവനക്കാരൻ അജയകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ശരീരഭാഗങ്ങൾ ആക്രിക്കാരൻ കൊണ്ടുപോകാൻ ഇടയായതിനാണ് നടപടി. പാത്തോളബി ലാബിൽ പരിശോധനയ്ക്കയച്ച സാമ്പിളുകൾ ആക്രിക്കാരനിൽ നിന്ന് കണ്ടെടുത്തിരുന്നു. ആക്രിയാണെന്ന് കരുതി എടുത്തതാണെന്ന് വിൽപനക്കാരൻ മൊഴി നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെയാണ് പാത്തോളജി ലാബിനടുത്തുള്ള സ്പെസിമെൻ ലാബിലേക്ക് ശരീരഭാഗങ്ങൾ കൊണ്ടുവന്നത്. തിരികെ വന്നുനോക്കിയപ്പോൾ അവയവങ്ങൾ കണ്ടിരുന്നില്ല. ഇതോടെയാണ് ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലാബിന് ചുറ്റും അലഞ്ഞുതിരിഞ്ഞ് നടന്ന ആക്രിക്കാരനെ പിടികൂടിയത്, ആക്രിക്കാരനെ ചോദ്യം ചെയ്ത പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തില്ല, മനഃപൂർവം നടത്തിയ മോഷണമല്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം ശരീരഭാഗങ്ങൾ സുരക്ഷിതമെന്ന് പാത്തോളജി വിഭാഗം മേധാവി ഡോ. ലൈല രാജി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഫോർമാലിനിൽ സൂക്ഷിച്ചതിനാൽ ഇവയ്ക്ക് കേടുപാടില്ല. പരിശോധനയ്ക്കും തടസമില്ല. സ്പെസിമെൻ ലാബിന് സമീപത്തെ സ്റ്റെപ്പിൽ ഇവ വച്ച് ജീവനക്കാരൻ പോയപ്പോഴാണ് ആക്രിക്കാരൻ എടുത്തുകൊണ്ടുപോയത്. ശരീരഭാഗങ്ങൾ പിന്നീട് ലാബിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |