പത്തനംതിട്ട: തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റതിന് പിന്നാലെ പേവിഷബാധയ്ക്കെതിരെ മൂന്ന് കുത്തിവയ്പ്പെടുത്ത പന്ത്രണ്ടുവയസുകാരി ഗുരുതരാവസ്ഥയിൽ. പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാ ഭവനിൽ ഹരീഷിന്റെ മകൾ ഏഴാം ക്ളാസ് വിദ്യാർത്ഥിനി അഭിരാമിയെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഓഗസ്റ്റ് 14ന് പാൽ വാങ്ങാൻ പോകവേ പെരുനാട് കാർമൽ എഞ്ചിനീയറിംഗ് കോളേജ് റോഡിൽവച്ച് തെരുവുനായ ആക്രമിക്കുകയായിരുന്നു. രണ്ട് കാലിൽ ആറിടത്തും മുഖത്ത് കണ്ണിനോട് ചേർന്നും നായയുടെ കടിയേറ്റു. പിന്നാലെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ആദ്യത്തെ വാക്സിനും പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് വാക്സിനുകളും സ്വീകരിച്ചു. നാലാമത്തെ കുത്തിവയ്പ്പ് ഈ മാസം പത്തിന് എടുക്കണമെന്ന് ആശുപത്രിയിൽ നിന്ന് നിർദേശിച്ചിരുന്നു.
അഭിരാമിയ്ക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയെങ്കിലും എക്സ് റേ എടുത്തതിൽ കുഴപ്പമില്ലെന്ന് കണ്ടതിനെത്തുടർന്ന് വീട്ടിൽ വിട്ടു. എന്നാൽ ഇന്നലെ കുട്ടിയുടെ നില കൂടുതൽ വഷളാവുകയായിരുന്നു. വായിൽ നിന്ന് പത വരികയും ചെയ്തതോടെ ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുകയും അവിടെനിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |