ഭോപ്പാൽ: വീട്ടിലെ മാലിന്യം നിക്ഷേപിക്കുന്നതിനിടെ ഒരു ലക്ഷം രൂപ വിലവരുന്ന താലിമാല യുവതിക്ക് നഷ്‌ടപ്പെട്ടു. മദ്ധ്യപ്രദേശിലെ ദേവാസിലാണ് സംഭവം. എന്നാൽ, മാലിന്യ ട്രക്ക് ഡ്രൈവറുടെ ഇടപെടൽ കാരണം യുവതിക്ക് മാല തിരികെക്കിട്ടി. മാലിന്യം മാറ്റുന്നതിനിടെ താലിമാല ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ അതെടുത്ത് ഉടമയെ ഏൽപ്പിക്കുകയായിരുന്നു. ഡ്രൈവറുടെ സത്യസന്ധതയ്‌ക്കുള്ള സമ്മാനമായി സ്ഥലത്തെ കൗൺസിലർ രൂപേഷ് വർമ അദ്ദേഹത്തിന് 1,100 രൂപ നൽകി ആദരിച്ചു. സൈനികർ നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതുപോലെ കോർപ്പറേഷൻ ജീവനക്കാർ ജനങ്ങളെ സംരക്ഷിക്കുന്നുവെന്നും ഡ്രൈവറെ പ്രശംസിച്ചുകൊണ്ട് രൂപേഷ് വർമ പറഞ്ഞു.
ഈ മാസം ആദ്യം അഹമ്മദാബാദിലും സമാനമായ സംഭവം ഉണ്ടായിരുന്നു. പണവും സ്വർണാഭരണങ്ങളും അടങ്ങിയ പഴ്‌സാണ് സ്‌ത്രീയിൽ നിന്ന് നഷ്‌ടപ്പെട്ടത്. അബദ്ധം പറ്റിയെന്ന് മനസിലായ അവർ ഉടൻതന്നെ കോർപ്പറേഷനിൽ വിവരമറിയിച്ചു. തുടർന്ന് ജിപിഎസ് ട്രാക്കിംഗും വാക്കി - ടോക്കിയും ഉപയോഗിച്ച് ഖരമാലിന്യ മാനേജ്‌മെന്റ് വകുപ്പ് തെരച്ചിൽ നടത്തി. 30 മിനിട്ടിനുള്ളിൽ തന്നെ പഴ്‌സ് കണ്ടെത്തി തിരികെ നൽകി.
കഴിഞ്ഞ വർഷം ചെന്നൈയിലും ഇത്തരം സംഭവമുണ്ടായി. മകളുടെ വിവാഹത്തിന് സമ്മാനമായി ലഭിച്ച അഞ്ച് ലക്ഷം രൂപ വിലവരുന്ന വജ്രമാലയാണ് അവർക്ക് നഷ്‌ടപ്പെട്ടത്. ഉടൻതന്നെ കോർപ്പറേഷനിൽ അറിയിച്ചതിനാൽ ശുചീകരണ പ്രവർത്തകർ തെരച്ചിൽ നടത്തി മാല വീണ്ടെടുത്ത് ഉടമയ്‌ക്ക് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |