തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ വിശദീകരണവുമായി ആരോഗ്യവകുപ്പ്. വിഷയത്തിൽ പരാതി ലഭിച്ചില്ലെങ്കിലും ഏപ്രിലിൽ തന്നെ അന്വേഷണം നടത്തി. സംഭവത്തിൽ വിദഗ്ദ്ധ സമതി രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ഗൈഡ് വയർ കുരുങ്ങിക്കിടക്കുന്നതിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ല. പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
തൈറോയ്ഡ് ഗ്രന്ഥി നീക്കംചെയ്യൽ ശസ്ത്രക്രിയയ്ക്കിടെ സുമയ്യ എന്ന യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങുകയായിരുന്നു. സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ചുകൊണ്ടുള്ള ജനറൽ ആശുപത്രിയിലെ സർജൻ ഡോ.രാജീവ്കുമാറിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. രോഗിയുടെ ബന്ധുവുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. രണ്ട് മാസം മുമ്പാണ് പരാതിക്കാരിയായ സുമയ്യയുടെ ബന്ധുവായ സബീർ ഡോക്ടറോട് വിഷയത്തെക്കുറിച്ച് സംസാരിച്ചത്. തെറ്റ് പറ്റിപ്പോയെന്ന് ഡോക്ടർ പറയുന്നതാണ് ശബ്ദരേഖയിലുള്ളത്. മരുന്നിനുള്ള ട്യൂബ് ഇട്ടവരാണ് ഉത്തരവാദികളെന്നാണ് ജനറൽ ആശുപത്രിയിലെ സർജൻ ഡോ.രാജീവ്കുമാർ യുവതിയുടെ ബന്ധുവിനോട് പറഞ്ഞത്.
തൈറോയ്ഡ് ഗ്രന്ഥി മാറ്റണമെന്ന ഡോ.രാജീവ്കുമാറിന്റെ നിർദ്ദേശപ്രകാരം 2023 മാർച്ച് 22നാണ് യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഒരാഴ്ചത്തെ ആശുപത്രിവാസത്തിനുശേഷം സുമയ്യ വീട്ടിലേക്ക് മടങ്ങിയെങ്കിലും ഇടയ്ക്കിടെ ശ്വാസതടസമുണ്ടായി. തുടർന്ന് ഇതേ ഡോക്ടറുടെ അടുത്ത് രണ്ടുവർഷം ചികിത്സ തുടർന്നു. എന്നാൽ കഫക്കെട്ടും ശ്വാസതടസവും കടുത്തപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടത്തെ ഡോക്ടറുടെ നിർദേശപ്രകാരം എക്‌സ്റേ എടുത്തപ്പോഴാണ് നെഞ്ചിനകത്ത് ലാപ്‌റോസ്‌കോപിക്ക് ശസ്ത്രക്രിയ സാമഗ്രികളുടെ ഭാഗമായ ഗയ്ഡ് വയർ കണ്ടത്.
തുടർന്ന് എക്‌സ്റേയുമായി യുവതി ഡോ.രാജീവ് കുമാറിനെ സമീപിച്ചു. പിന്നീട് രാജീവ് കുമാറിന്റെ നിർദ്ദേശപ്രകാരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സ തേടി. കാലപ്പഴക്കം കാരണം വയർ രക്തക്കുഴലുമായി ഒട്ടിച്ചേർന്നെന്നും എടുക്കാൻ കഴിയില്ലെന്നും സി.ടി സ്‌കാനിൽ കണ്ടെത്തി. ഇക്കാര്യം രാജീവ് കുമാറിനെ അറിയിച്ചതോടെ എനിക്കൊന്നും ചെയ്യാനില്ലെന്നുപറഞ്ഞ് കൈയൊഴിഞ്ഞെന്നാണ് ഡിഎംഒയ്ക്ക് നൽകിയ യുവതിയുടെ പരാതിയിലുള്ളത്. പരാതിയെക്കുറിച്ച് പരിശോധിച്ചുവരികയാണെന്ന് ഡി എം ഒ അറിയിച്ചു. തുടർചികിത്സയ്ക്ക് മാർഗമില്ലെന്നും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകുമെന്നുമാണ് സുമയ്യ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |