തിരുവനന്തപുരം:യു.ജി.സി ഡി.എ കുടിശികയിൽ അധ്യാപക സംഘടനകളുമായി ചർച്ചയ്ക്ക് സർക്കാർ.പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ യു.ജി.സി ശമ്പള പരിഷ്കരണ കുടിശ്ശികയും ഡി.എ കുടിശ്ശികയും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഫയൽ ചെയ്തിരുന്ന കേസിൽ സർക്കാർ കെ.പി.സി.ടി.എ ഭാരവാഹികളുമായി ചർച്ച നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് എല്ലാ കോളേജ് അധ്യാപക സംഘടനകളെയും ചർച്ച് ക്ഷണിച്ചിരുക്കുന്നത്.2016 മുതൽ 2019 മാർച്ച് വരെയുള്ള യു.ജി.സി ശമ്പള പരിഷ്കരണ കുടിശ്ശികയാണ് ലഭിക്കാനുള്ളത്.ഇതിനുപുറമേ 2021 മുതലുള്ള ഡി.എ കുടിശികകളും അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.പി.സി.ടി.എ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.മറ്റു പല സംസ്ഥാന സർക്കാരുകളും സമയബന്ധിതമായി പ്രൊപ്പോസൽ നൽകി കേന്ദ്രവും സംസ്ഥാനവും 50:50എന്ന നിലയിൽ യു.ജി.സി ശമ്പള പരിഷ്കരണ കുടിശ്ശിക വിതരണം ചെയ്തിരുന്നു.എന്നാൽ ഇപ്പോൾ കേന്ദ്രസർക്കാർ അനുവദിച്ച തീയതികളിൽ ശരിയായ രീതിയിൽ പ്രൊപ്പോസൽ സമർപ്പിക്കാതെ സംസ്ഥാന സർക്കാർ യു.ജി.സി ശമ്പള പരിഷ്കരണ കുടിശ്ശിക നൽകാതിരിക്കുകയാണ്.
എസ്.എൻ.യൂണി.വിദ്യാർത്ഥികളെ തഴയുന്നത് അവസാനിപ്പിക്കണം
തിരുവനന്തപുരം:കേരളത്തിലെ സർവകലാശാലകളിൽ പ്രവേശനം കിട്ടുന്നതിന് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കും മറ്റ് സർവകലാശാല വിദ്യാർത്ഥികളുടേതിന് സമാനമായ പരിഗണനയും വെയ്റ്റേജും നൽകുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടപെടണമെന്ന് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി ഈ.യു.ഈശ്വര പ്രസാദ് ആവശ്യപ്പെട്ടു.യു.ജി.സി റെഗുലേഷൻസ് 2020ന്റെ റെഗുലേഷൻ 22 പ്രകാരം റെഗുലർ മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും ഓപ്പൺ & ഡിസ്റ്റൻസ് മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും തുല്യമാണെന്നിരിക്കെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും പി.ജി പഠിച്ചിറങ്ങുന്നവർക്കും മറ്റു സർവകലാശാലകളിലെ പി.ജി.സർട്ടിഫിക്കറ്റിന് ലഭിക്കുന്ന അതേ വെയിറ്റേജ് നൽകുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവ് പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
4 വിദേശ സർവകലാശാലകൾ
2026ൽ ഇന്ത്യയിലെത്തും
ന്യൂഡൽഹി: മൂന്ന് ഓസ്ട്രേലിയൻ സർവകലാശാലയ്ക്കും ഒരു യു.കെ സർവകലാശാലയ്ക്കും ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങാൻ യു.ജി.സി അനുമതി നൽകി. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കി അഞ്ചു വർഷം പൂർത്തിയാകുമ്പോഴാണ് വിദേശ സർവകലാശാലകൾ ഇന്ത്യയിലെത്തുന്നത്. വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിലും ഇന്ത്യൻ സർവകലാശാലകൾക്ക് വിദേശത്തും ക്യാമ്പസുകൾ തുടങ്ങാമെന്ന് യു.ജി.സി നയത്തിൽ നിർദ്ദേശിച്ചിരുന്നു.ആസ്ട്രേലിയയിലെ വേസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റി, വിക്റ്റോറിയ യൂണിവേഴ്സിറ്റി, ലാ ട്രോബ് യൂണിവേഴ്സിറ്റി എന്നിവയും യു.കെയിലെ ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയുമാണ് 2026ൽ ഇന്ത്യയിൽ പഠനകേന്ദ്രങ്ങൾ ആരംഭിക്കുകയെന്ന് യു.ജി.സി അറിയിച്ചു.വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റി ഗ്രേറ്റർ നോയിഡയിലും വിക്റ്റോറിയ യൂണിവേഴ്സിറ്റി നോയിഡയിലും ലാ ട്രോബ് യൂണിവേഴ്സിറ്റി ബെംഗളൂരുവിലും ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി മുംബൈയിലുമാണ് ക്യാമ്പസ് സ്ഥാപിക്കുക.
നീറ്റ് പി.ജി പരീക്ഷാകേന്ദ്രം:
വിദ്യാർത്ഥികൾക്ക് ആശങ്ക
ന്യൂഡൽഹി: ആഗസ്റ്റ് 3ന് നടക്കുന്ന മെഡിക്കൽ പി.ജി പ്രവേശന പരീക്ഷാകേന്ദ്രങ്ങൾ (നീറ്റ് പി.ജി) സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് ആശങ്ക. നിരവധി പേർക്ക് സ്വന്തം നാട്ടിൽനിന്ന് വളരെ അകലെയാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചത്. കേരളത്തിൽ നിന്നുള്ള ഒട്ടേറെ വിദ്യാർത്ഥികൾക്ക് അയൽ സംസ്ഥാനങ്ങളിലാണ് പരീക്ഷാകേന്ദ്രം.
ദൂരെസ്ഥലത്തുള്ള പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്ര വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കുമെന്നും വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ -ജൂനിയർ ഡോക്ടേഴ്സ് നെറ്റ് വർക്ക് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയ്ക്ക് കത്തു നൽകി.
ജൂൺ 15ന് നടക്കേണ്ടിയിരുന്ന പരീക്ഷയാണ് ആഗസ്റ്റ് 3ലേക്ക് മാറ്റിയത്. രണ്ട് ഷിഫ്റ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടർന്ന് കൂടുതൽ ക്രമീകരണങ്ങൾ നടത്താനാണ് നീട്ടിവച്ചത്. ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്തുമ്പോൾ 900 പരീക്ഷാകേന്ദ്രങ്ങളാണ് അധികമായി വേണ്ടിവരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |