
ചേർത്തല. മതപരമായി വിഭജനം സൃഷ്ടിച്ച് വർഗീയകലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് മുസ്ലീം ലീഗ് നടത്തുന്നതെന്നും അതിന്റെ ഭാഗമായാണ് ചിലമാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് തന്നെ മുസ്ലീംവിരോധിയായും വർഗീയവാദിയായും ചിത്രീകരിക്കാനുള്ള നീക്കമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പുണ്യഭൂമിയായ ശിവഗിരിയിലും അതിനുള്ള ശ്രമമാണ് നടന്നത്. മുസ്ലീം ജനവിഭാഗത്തോട് അടുപ്പം പുലർത്തുന്ന തന്നെ മുസ്ലീംവിരോധിയായി ചിത്രീകരിക്കാനുള്ള ശ്രമം വിജയിക്കില്ല. എസ്.എൻ.ട്രസ്റ്റിന്റെ കണക്കുകൾ തയ്യാറാക്കുന്നതും കൊല്ലം കോടതിയിലെ കേസുകൾ നടത്തുന്നതും മുസ്ലീംവിഭാഗത്തിലുള്ളവരാണ്. അവരോടുള്ള സ്നേഹബന്ധവും വിശ്വാസ്യതയുമാണ് കാരണം. എൽ.ഡി.എഫ് സർക്കാരിനെ താഴെയിറക്കാൻ യോഗത്തെ ഒപ്പംകൂട്ടി പിന്നാക്ക സംവരണ സമുദായ മുന്നണി രൂപീകരിച്ച ശേഷം ഭരണത്തിൽ എത്തിയപ്പോൾ പിന്നാക്ക വിഭാഗങ്ങളെ പൂർണമായി അവഗണിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളെല്ലാം ലീഗ് കൈക്കലാക്കി. മലപ്പുറത്ത് മാത്രം 48 സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളാണ് ലീഗ് സ്വന്തമാക്കിയത്. ഈഴവ സമുദായത്തിന് ലഭിച്ചത് ഒന്നുമാത്രം. ഈ സാമൂഹ്യനീതിനിഷേധം തുറന്നു പറഞ്ഞപ്പോഴാണ് വർഗീയവാദിയാക്കുന്നത്. രാഷ്ട്രീയ താത്പര്യത്തോടെ ചില മാദ്ധ്യമ പ്രവർത്തകർ തീവ്രവാദശൈലിയിലൂടെ ആക്ഷേപിക്കാനും ആക്രമിക്കാനുമാണ് ശ്രമിക്കുന്നത്. പ്രത്യേക രാഷ്ട്രീയ - ആശയപരമായ ലക്ഷ്യംവച്ച് തീവ്രമായി പെരുമാറിയതിനാലാണ് തീവ്രവാദി പ്രയോഗം നടത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്താണ് മാറാട് ഉൾപ്പെടെ കലാപങ്ങൾ ഉണ്ടായത്. ഒൻപതര വർഷത്തെ പിണറായി ഭരണത്തിൽ ഒരുകലാപം പോലുമുണ്ടായിട്ടില്ല. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ വീണ്ടും കേരളം കലാപഭൂമിയാകുമെന്ന സൂചനയാണ് ലീഗിന്റെ പരാമർശത്തിൽ തെളിയുന്നത്. ശ്രീനാരായണദർശനം ഉയർത്തിപ്പിടിക്കുന്ന യോഗം എന്തുവിലകൊടുത്തും ഈ നീക്കത്തെ പ്രതിരോധിക്കും. ശബരിമലവിഷയത്തിൽ അന്വേഷണം തൃപ്തികരമാണ്. ഈ വിഷയത്തിൽ എൻ.എസ്.എസിന്റെ നിലപാട് തന്നെയാണ് എസ്.എൻ.ഡി.പി യോഗത്തിനുമുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |