
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ സ്ഥിരം ക്യാമ്പസ് വിളപ്പിൽശാലയിൽ നിർമ്മിക്കാൻ സർവകലാശാലാ ബഡ്ജറ്റിൽ 146.18കോടി രൂപ വകയിരുത്തി. അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഇന്റർനാഷണൽ ടെക്നിക്കൽ കൺവെൻഷൻ സെന്റർ, യൂട്ടിലിറ്റി ബിൽഡിംഗ് എന്നിവയടക്കം നിർമ്മിക്കാനാണിത്. സർവകലാശാലയുടെ ഗവേഷണവിഭാഗം ശക്തിപ്പെടുത്താൻ 22.92 കോടിയുണ്ട്. ഗവേഷകർക്ക് റിസർച്ച് സീഡ് മണി, ഡോക്ടറൽ ഫെലോഷിപ്പ്, പ്രോജക്ടുകൾ, ഗവേഷണ പ്രസിദ്ധീകരണ സഹായം, ദേശീയ- അന്താരാഷ്ട്ര കോൺഫറൻസുകൾ, വർക്ക്‌ഷോപ്പുകൾ എന്നിവയ്ക്കും പണം വകയിരുത്തി. സർവകലാശാലയുടെ അക്കാഡമിക്, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്കായി 20.78 കോടി വകയിരുത്തി. 372.51 കോടിയുടെ ചെലവും സർക്കാർ ഗ്രാന്റടക്കം 268.8കോടി വരവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ബോർഡ് ഒഫ് ഗവണേഴ്സ് അംഗീകരിച്ചത്. 71.5 കോടിയാണ് സർക്കാർ പ്ലാൻ, നോൺ പ്ലാൻ ഇനത്തിൽ ഗ്രാന്റ് ആയി അനുവദിച്ചിട്ടുള്ളത്. സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളിൽ സാങ്കേതിക പരിഹാരം വികസിപ്പിക്കാൻ രണ്ടുകോടി രൂപ വകയിരുത്തി. ഇതിനായി രണ്ടു പുതിയ പദ്ധതികളും അംഗീകരിച്ചു. കാർഷിക സാങ്കേതിക വിദ്യകൾ (അഗ്രി ടെക്) വികസിപ്പിക്കാൻ വിദ്യാർത്ഥി പ്രോജക്ടുകൾക്ക് പ്രോത്സാഹനം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |