
മോസ്കോ: ആലുവ സർവമത സമ്മേളന ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിന്റെയും റഷ്യൻ എംബസിയുടെയും ആഭിമുഖ്യത്തിൽ റഷ്യയിൽ സംഘടിപ്പിച്ച ലോകമത പാർലമെന്റ് റഷ്യൻ പാർലമെന്റ് അംഗം ആഞ്ചേല എഗോറെവ്ന ഗ്ലാജ്കോവ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ദർശനത്തിന്റെയും സന്ദേശങ്ങളുടെയും മഹിമ ലോകത്താകമാനം ശാന്തിക്കും പരസ്പര സഹകരണത്തിനുമുള്ള വഴി തെളിക്കുമെന്ന് അവർ പറഞ്ഞു.
റഷ്യൻ ഭാഷയിൽ തർജ്ജിമ ചെയ്ത ദൈവദശകം പ്രാർത്ഥനയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. മോസ്കോ കുസിനെൻ സ്ട്രീറ്റിലെ കൺസെർട്ട് ഹാളിൽ നടന്ന സമ്മേളനത്തിൽ റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ മുഖ്യാഥിതിയായിരുന്നു. ലോകമത പാർലമെന്റ് ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ അദ്ധ്യക്ഷത വഹിച്ചു. ബുദ്ധസന്യാസി ദാഷിനിമ, സ്വാമിനി ആര്യനന്ദാദേവി (ശിവഗിരിമഠം), ഇവന്റ് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി.ബാബുരാജൻ, ഹിന്ദു കൗൺസിൽ ഒഫ് റഷ്യ ചെയർമാൻ സാധുപ്രിയദാസ്, സോഡ് നോം ഡോർഷിവ്, ദിശപ്രസിഡന്റ് ഡോ.രമേഷ്സിംഗ്, ഓവർസീസ് പഞ്ചാബി അസോസിയേഷൻ പ്രസിഡന്റ് മുകേഷ് കുമാർ, മോസ്കോ പഞ്ചാബി അസോസിയേഷൻ പ്രസിഡന്റ് ബി.എസ്.സോധി, സീഗൾ ഗ്രൂപ്പ് ചെയർമാൻ ഡോ.സുരേഷ്കുമാർ മധുസൂദനൻ, പ്രോഗ്രാം ഡയറക്ടർ ബിജുഭാസ്കർ , അമ്മ പേട്രൺ ഡോ.ചെറിയാൻ ഈപ്പൻ, പ്രസിഡന്റ് ഡോ.ബിനുപണിക്കർ, ഷംന, എവ്ജീനിയ, അമ്പലത്തറ രാജൻ (സേവനം യു.എ.ഇ), അഡ്വ. അനിൽ ബോസ് തുടങ്ങിയവർ സംസാരിച്ചു.
മോസ്കോയിലെ ഇന്ത്യൻ എംബസി, ജെ.എൻ.സി.സി മോസ്‌കോ, ഓൾ മോസ്‌കോ മലയാളി അസോസിയേഷൻ, ഇസ്കോൺ തുടങ്ങിയവയുടെയും റഷ്യയിലെ നിരവധി സംഘടനകളുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെയാണ് ലോകമത പാർലമെന്റ് സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |