
സർക്കാർ സേവനങ്ങൾക്കു മാത്രം
# പൗരത്വവുമായി ബന്ധമില്ല
തിരുവനന്തപുരം: കേരളത്തിൽ ജനിച്ചതാണെന്ന് തെളിയിക്കാനുള്ള ആധികാരിക രേഖയായി മാറുന്ന നേറ്റിവിറ്റി കാർഡ് ലഭിക്കാനായി തെറ്റായ വിവരങ്ങൾ നൽകിയാൽ മൂന്നുമാസം തടവുശിക്ഷയോ അയ്യായിരംരൂപ പിഴയോ രണ്ടുംകൂടിയോ ലഭിക്കാം.
സർക്കാരിന്റെ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കുമുള്ള ആധികാരിക രേഖയെന്നാണ് ബില്ലിലെ വ്യവസ്ഥ. പൗരത്വവുമായി ബന്ധമില്ല.
സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ രേഖാമൂലം നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസുകൾ മാത്രമേ കോടതികൾ വിചാരണയ്ക്ക് എടുക്കാൻ പാടുള്ളൂ. ഉത്തമവിശ്വാസ പ്രകാരം ചെയ്ത കാര്യങ്ങളുടെ പേരിൽ ഉദ്യോഗസ്ഥർക്കോ അധികാര സ്ഥാനത്തുള്ളവർക്കോ എതിരേ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ പ്രോസിക്യൂഷനോ നിയമനടപടികളോ നിലനിൽക്കില്ലെന്നും ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിക്കുന്ന ''കേരള നേറ്റിവിറ്റികാർഡ് ആക്ട് '' ബില്ലിൽ വ്യവസ്ഥയുണ്ട്.
പൊതുജനങ്ങളുടെ ഏതെല്ലാം ആവശ്യങ്ങൾക്ക്
ആധികാരിക രേഖയായി ഉപയോഗിക്കാമെന്ന് സർക്കാരിന് വിജ്ഞാപനമിറക്കാം. വകുപ്പുകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ ഇതുപ്രകാരം ആധികാരിക രേഖയായി സ്വീകരിക്കണം. നിയമത്തിലെ വ്യവസ്ഥകൾ സർക്കാരിന് ഉത്തരവ് ഇറക്കി നീക്കം ചെയ്യാം. ഉത്തരവുകൾ പിന്നീട് നിയമസഭയിൽ സമർപ്പിക്കണം. നിയമം പ്രാബല്യത്തിലായി രണ്ടുവർഷത്തിനു ശേഷം ഇത്തരം ഉത്തരവുകളിറക്കാൻപാടില്ല. നേറ്റിവിറ്റി കാർഡ് നിയമത്തിന് മുൻകാല പ്രാബല്യത്തോടെ ചട്ടങ്ങളുണ്ടാക്കാമെന്നും ബില്ലിൽ പറയുന്നു.
കേരളത്തിൽ ജനിച്ച് വിദേശപൗരത്വം സ്വീകരിക്കാത്തവരോ പൂർവികരിൽ ഒരാൾ കേരളത്തിൽ ജനിച്ചവരും വിദേശപൗരത്വം സ്വീകരിക്കാത്തവരും ആയവരെ നേറ്റീവായി കണക്കാക്കും. വിദേശ പൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡിന് അർഹതയില്ല. നേറ്റിവിറ്റി കാർഡ് ലഭിച്ച ശേഷം വിദേശപൗരത്വം സ്വീകരിച്ചാൽ കാർഡ് അസാധാവാകും.
പൗരത്വം തെളിയിക്കാനാവില്ല
1. പൗരത്വം തെളിയിക്കാൻ ഉതകുന്ന രേഖയായിരിക്കുമെന്ന് മന്ത്രി കെ.രാജൻ പ്രഖ്യാപിച്ചിരുന്നെങ്കിലും ബില്ലിൽ ഇക്കാര്യമില്ല.
2. പൗരത്വം പൂർണമായും കേന്ദ്രത്തിന്റെ അധികാരപരിധിയിൽപ്പെടുന്നതാണ് .
നിയമനിർമ്മാണം നടത്തേണ്ടത്
പാർലമെന്റാണ്.
2)പൗരത്വരേഖകൾ തീരുമാനിക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. ജനന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി ബുക്ക്, മാതാപിതാക്കളുടെ പാസ്പോർട്ടും വിവാഹ സർട്ടിഫിക്കറ്റും എന്നിവ പൗരത്വം ലഭിക്കാനുള്ള തിരിച്ചറിയൽ രേഖകളായി അംഗീകരിച്ചിട്ടുണ്ട്. ആധാർ പോലും പൗരത്വരേഖയായി അംഗീകരിച്ചിട്ടില്ല.
ചെലവിൽ മൗനം
കാർഡൊന്നിന് 50രൂപവച്ച് കണക്കാക്കിയാലും 2 കോടി പേർക്ക് നൽകാൻ 100കോടി ചെലവുണ്ടാവും. സഞ്ചിതനിധിയിൽ നിന്ന് അധികചെലവ് ഉണ്ടാവുന്നില്ലെന്നാണ് ബില്ലിൽ പറയുന്നത്. സാമ്പത്തിക ബാദ്ധ്യതയുണ്ടാവുന്ന ബില്ലുകൾക്ക് ഗവർണറുടെ മുൻകൂർ അനുമതി തേടേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |