തിരുവനന്തപുരം: സർവകലാശാലകളിൽ വി.സിമാരെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റികൾ രൂപീകരിക്കാൻ സിൻഡിക്കേറ്റ്, സെനറ്റ് പ്രതിനിധികളെ നിർദ്ദേശിക്കണമെന്ന് സർക്കാരിനോട് ഗവർണർ ആവശ്യപ്പെട്ടു. 9 വാഴ്സിറ്റികളിലാണ് വി.സിമാരില്ലാത്തത്. ഗവർണറുമായുള്ള ഉടക്ക് കാരണം സെർച്ച് കമ്മിറ്റിയിലേക്ക് വാഴ്സിറ്റികൾ പ്രതിനിധികളെ നൽകേണ്ടെന്ന സർക്കാർ നിർദ്ദേശം കാരണമാണ് സ്ഥിരം വി.സിമാരെ നിയമിക്കാനാവാത്തത്.
വൈസ്ചാൻസലർ നിയമനത്തിൽ ചാൻസലറുടെ തീരുമാനം അന്തിമമാണെന്നും ചാൻസലർ വെറും സ്ഥാനപ്പേരല്ലെന്നും കണ്ണൂർ വി.സിയെ പുറത്താക്കിയ ഉത്തരവിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്നലെ ഗവർണർ സർക്കാരിന് കത്തയച്ചു. വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റികൾ രൂപീകരിക്കാൻ ഗവർണർ പലവട്ടം ശ്രമിച്ചെങ്കിലും സെനറ്റ് പ്രതിനിധികളെ നൽകാതെ സർക്കാർ തടയിടുകയായിരുന്നു. കേരള, എം.ജി, കുസാറ്റ്, മലയാളം, കാർഷികം, ഫിഷറീസ്, നിയമം, സാങ്കേതികം, കണ്ണൂർ വാഴ്സിറ്റികളിലാണ് വി.സിമാരില്ലാത്തത്. ഒരു വർഷത്തിലേറെയായി വി.സി നിയമനത്തിന് ഗവർണർ ശ്രമിക്കുന്നുണ്ട്. ചാൻസലർ, യു.ജി.സി, സെനറ്റ് അല്ലെങ്കിൽ സിൻഡിക്കേറ്റ് പ്രതിനിധികളാണ് സെർച്ച് കമ്മിറ്റിയിലുണ്ടാവേണ്ടത്. മൂന്ന് വാഴ്സിറ്റികളിലെ സെർച്ച് കമ്മിറ്റികളിലേക്കുള്ള പ്രതിനിധികളെ യു.ജി.സി നൽകിയിട്ടും സർക്കാർ ഉടക്കിടുകയായിരുന്നു.
സർവകലാശാലാ നിയമപ്രകാരം സെർച്ച് കമ്മിറ്റികളിൽ സെനറ്റ് പ്രതിനിധി നിർബന്ധമാണ്. പ്രതിനിധിയെ നൽകാൻ സെനറ്റ് തയ്യാറല്ല. സുപ്രീംകോടതി ഉത്തരവോടെ, ഗവർണർക്ക് സെനറ്റ് പ്രതിനിധിയെ ആവശ്യപ്പെടാം. മറ്റാരുടെയെങ്കിലും താത്പര്യത്തിന്റെയോ ആജ്ഞയുടെയോ അടിസ്ഥാനത്തിൽ ചാൻസലർ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി ഉത്തരവുള്ളതിനാൽ കരുതലോടെയാവും സർക്കാർ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |