തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ (23) ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജയിലിലെ ടോയ്ലറ്റിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിമരിക്കാൻ ശ്രമിച്ചത്. സംഭവത്തിന്റെ മറ്റ് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിലാണ് പ്രതി.
അതേസമയം, കൂട്ടക്കൊലയിൽ പൊലീസ് ഇന്നലെ ആദ്യ കുറ്റപ്പത്രം സമർപ്പിച്ചിരുന്നു. പ്രതി അഫാന്റെ പിതൃമാതാവ് സൽമാ ബീവിയെ (91) കൊലപ്പെടുത്തിയ സംഭവത്തിലാണ് നെടുമങ്ങാട് സെക്കന്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അഫാന്റെ സഹോദരൻ അഹ്സാൻ, പെൺ സുഹൃത്ത് ഫർസാന, പിതൃ സഹോദരൻ അബ്ദുൽ ലത്തിഫ്, ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ.
ഫെബ്രുവരി 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാങ്ങോടുള്ള മുത്തശി സൽമാ ബീവിയെ കൊലപ്പെടുത്തിയാണ് അഫാൻ കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടത്. തുടർന്ന് മറ്റ് നാലുപേരെക്കൂടി കൊലപ്പെടുത്തിയ ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങുകയായിരുന്നു. പാങ്ങോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ പാങ്ങോട് സി.ഐ ജിനേഷാണ് കുറ്റപത്രം സമർപ്പിച്ചത്.
പിതൃമാതാവ് സൽമാബീവിയുടെ കൊലപാതക കേസിൽ ദിവസങ്ങൾക്ക് മുൻപ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു. അഫാൻ ചുറ്റിക വാങ്ങിയ കട, സൽമാബീവിയുടെ മാല പണയം വച്ച സ്ഥാപനം, ചുറ്റിക വയ്ക്കാൻ ബാഗ് വാങ്ങിയ കട, പണം നിക്ഷേപിച്ച എ.ടി.എം എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തിയിരുന്നു. കട ഉടമകളും പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരും പ്രതിയെ തിരിച്ചറിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |