
തിരുവനന്തപുരം:സംസ്ഥാനത്തെ എസ്.ഐ.ആർ.വോട്ടർ പട്ടിക പരിഷ്ക്കരണത്തിന്റെ ഭാഗമായി 2002ലെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്ത് ബന്ധം തെളിയിക്കാനാകാതെ പോയ 19.32ലക്ഷം വോട്ടർമാരുടെ ആധികാരികതയും പൗരത്വവും പരിശോധിക്കാനുള്ള ഹിയറിംഗ് 7ന് ആരംഭിക്കും.
എസ്.ഐ.ആറിന്റെ ആദ്യ ഘട്ടമായ എനുമറേഷൻ ഫോം പൂരിപ്പിക്കൽ പൂർത്തിയാക്കി ഡിസംബർ 23ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ സംസ്ഥാനത്തെ വോട്ടർമാരുടെ എണ്ണം 2.78 കോടിയിൽ നിന്ന് 2.54 കോടിയായി കുറഞ്ഞു.24 ലക്ഷം പേർ പുറത്തായി. 2002ലെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്യുന്ന മാപ്പിംഗ് പൂർത്തിയായപ്പോഴാണ് 19.32 ലക്ഷം പേർ ഒഴിവാക്കപ്പെടുന്നത്. പൗരത്വം സാധുവാക്കാനായാൽ ഇവരെ ഫെബ്രുവരി 21ന് പുറത്തിറക്കുന്ന അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തും.അല്ലെങ്കിൽ ഒഴിവാക്കും.
19.32ലക്ഷം പേരിൽ 17.71ലക്ഷം പേർക്കുള്ള നോട്ടീസ് വിതരണം ആരംഭിച്ചു.ഇതിൽ 5.12ലക്ഷം പേരുടെ രേഖകൾ പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ 3.92 ലക്ഷം പേർക്കും കൊല്ലത്ത് 1.53 ലക്ഷം പേർക്കും എറണാകുളത്ത് രണ്ടു ലക്ഷം പേർക്കുമാണ് നോട്ടീസ് നൽകുന്നത്. മലപ്പുറത്ത് 81000
പേർക്കും. വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്കും ഇതുവരെ ഉൾപ്പെടാത്തവർക്കും ജനുവരി 22വരെ ഓൺലൈനായി ഫോം 6 പൂരിപ്പിച്ച് നൽകി വോട്ടർ പട്ടികയിൽ ഉൾപ്പെടാവുന്നതാണ്. ബി.എൽ.ഒ.മാർ വശം നേരിട്ടും ഫോം 6 പൂരിപ്പിച്ച് നൽകാം. സ്പെല്ലിംഗ് പിശക്,വയസിലെ വ്യത്യാസം തുടങ്ങിയ സാങ്കേതിക പിഴവുകളുടെ പേരിൽ 2002ലെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്യാൻ കഴിയാത്തവരെ നോട്ടീസ് നൽകി വിളിപ്പിച്ച് ഹിയറിംഗ് നടത്തില്ല.കിടപ്പ് രോഗികൾക്ക് ആവശ്യമായ സൗകര്യം ഏർപ്പെടുത്താനും ഇ.ആർ.ഒ.മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |