
തിരുവനന്തപുരം: തെക്കൻകോട്ടകളിൽ യുഡിഎഫിന്റെ ഉരുക്കുകോട്ടകളിൽ ഒന്നായിരുന്നു ഒരുകാലത്ത് അരുവിക്കര. 1991 മുതൽ 2015ൽ മരിക്കുന്നതുവരെ ജി കാർത്തികേയനാണ് അരുവിക്കരയെ പ്രതിനിധാനം ചെയ്തിരുന്നത്. അച്ഛന്റെ മരണത്തിന് പിന്നാലെ മകൻ കെഎസ് ശബരീനാഥൻ ഉപതിരഞ്ഞെടുപ്പിൽ കളത്തിലറങ്ങി. അന്ന് അരങ്ങേറ്റ മത്സരത്തിൽ 56,448 വോട്ട് നേടിയാണ് ശബരിനാഥൻ വിജയിച്ചത്. സിപിഎമ്മിന്റെ എം വിജയകുമാറിനെ തറപറ്റിച്ചായിരുന്നു ശബരിയുടെ കന്നി വിജയം.
2016ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും അരുവിക്കര മണ്ഡലം ശബരിയിലൂടെ യുഡിഎഫിനെ ചേർത്തുപിടിച്ചു. അന്ന് 9.30 ശതമാനം വോട്ട് ഉയർത്തിയ ശബരീനാഥൻ 79,910 വീട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലം നിലനിർത്തിയത്. 2011ലെ തിരഞ്ഞെടുപ്പിൽ ജി കാർത്തികേയൻ നേടിയ വോട്ടിനേക്കാൾ 14,113 വോട്ടിന്റെ ലീഡുമായാണ് ശബരി സഭയിൽ എത്തിയത്. ഇതോടെ മണ്ഡലം യുഡിഎഫിനെ എന്നും തുണയ്ക്കുമെന്ന് കരുതി.
എന്നാൽ പിണറായി വിജയൻ സർക്കാരിനെ വീണ്ടും അധികാരത്തിലേറ്റിയ 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ശബരീനാഥൻ വീണു. സിപിഎം കാട്ടക്കട ഏരിയ സെക്രട്ടറിയായിരുന്ന ജി സ്റ്റീഫനോട് 5046 വോട്ടിനാണ് ശബരി അടിയറവ് പറഞ്ഞത്. യുഡിഎഫിന്റെ ഉരുക്കുകോട്ട നഷ്ടമായത് സംസ്ഥാനത്തെ കോൺഗ്രസിന് വലിയ തിരിച്ചടിയാണ് അന്നുണ്ടാക്കിയത്.
വീണ്ടുമൊരു നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് ഇറങ്ങുന്നത്. എന്നാൽ എന്തുവിലകൊടുത്തും മണ്ഡലം നിലനിർത്താനുള്ള ഒരുക്കത്തിലാണ് എൽഡിഎഫ്. ഇതോടെ അരുവിക്കര ശക്തമായ പോരിന് സാക്ഷ്യം വഹിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശബരീനാഥൻ അടക്കം ഒട്ടേറെ പേരുകൾ മണ്ഡലത്തിൽ ഉയർന്നുകേൾക്കുന്നുണ്ട്. എന്നാൽ ആരെ പരീക്ഷിച്ചാൽ മണ്ഡലം പിടിക്കാം എന്ന ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്.
എസ്എഫ്‌ഐയിലൂടെ സംഘടന രംഗത്തെത്തിയത് ജി സ്റ്റീഫന് വൻ ജനകീയതാണ് ഇപ്പോൾ മണ്ഡലത്തിലുള്ളത്. പാർട്ടി ഓഫീസ് വീടാക്കിയ സ്റ്റീഫൻ ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കാൻ ശേഷിയുള്ള നേതാവാണ്. 2005ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കോട്ടയായ കിള്ളി കുരുശടി വാർഡ് പിടിച്ചെടുത്താണ് തിരഞ്ഞെടുപ്പ് രംഗത്ത് വരവറിയിച്ചത്. കാട്ടാക്കടയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്. 2010ലും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതിനുശേഷം തുടർച്ചയായി ആറുതവണ കാട്ടാക്കട പഞ്ചായത്ത് എൽഡിഎഫ് നിലനിർത്തി.
ഇങ്ങനെയാരു ജനകീയനായ നേതാവിനെ ചെറുക്കാൻ കോൺഗ്രസ് ആരെ ഇറക്കുമെന്നാണ് കണ്ടറിയേണ്ടത്. മണ്ഡലം തിരിച്ചുപിടിക്കാൻ ശബരീനാഥനെ വീണ്ടും ചുമതലപ്പെടുത്തണമെന്ന ആവശ്യം പാർട്ടി അണികളിൽ നിന്നുയരുന്നുണ്ട്. എന്നാൽ നേതാക്കൾ ഇതേക്കുറിച്ച് കൃത്യമായ നിലപാട് വെളിപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ ചുമതലപ്പെടുത്തിയ ശബരിനാഥൻ ഇപ്പോൾ വാർഡ് കൗൺസിലറായി തുടരുകയാണ്. ജനപ്രതിനിധി എന്ന നിലയിൽ കോർപ്പറേഷൻ ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, അതുകൊണ്ട് നിയമസഭയിലേക്ക് മറ്റൊരാളെ മത്സരിപ്പിക്കുന്നതാണ് ഉചിതമെന്ന നിലപാടും ഉയരുന്നുണ്ട്.
അരുവിക്കരയിൽ വീണ്ടും ഇറങ്ങുമോ എന്നതിനെക്കുറിച്ച് ശബരിയും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒരു അങ്കത്തിന് ഇറങ്ങാൻ ശബരിക്ക് താൽപര്യമുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ വീണ്ടും പരാജയം മണത്താൽ ശബരിയുടെ രാഷ്ട്രീയഭാവി തന്നെ തുലാസിലാകും. അതുകൊണ്ട് കൃത്യമായ വിലയിരുത്തൽ നടത്തിയശേഷം മാത്രമേ അരുവിക്കരയിൽ മത്സരരംഗത്ത് കടന്നുവരികയുള്ളൂ.
മുതിർന്ന കോൺഗ്രസ് നേതാവ് എംഎം ഹസനാണ് മണ്ഡലത്തിൽ പരിഗണിക്കാൻ സാദ്ധ്യതയുള്ള നേതാവ്. എംഎം ഹസനിലൂടെ മുസ്ലീം വോട്ടുകൾ ലക്ഷ്യം വച്ചാണ് ഈ നീക്കം. എന്നാൽ ഹസന് അരുവിക്കരയേക്കാൾ കൂടുതൽ താൽപര്യം കായംകുളം മണ്ഡലമാണെന്നാണ് അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ജി സ്റ്റീഫനെപോലെ ഒരു നേതാവിനെ പരാജയപ്പെടുത്താൻ സാധിക്കുമോ എന്ന ആത്മവിശ്വാസക്കുറവാകാം ഇതിനൊരു കാരണമായി ചിലർ ചൂണ്ടിക്കാട്ടുന്നത്. ഡിസിസി ജനറൽ സെക്രട്ടറി എംആർ ബൈജു, പ്രാദേശിക കോൺഗ്രസ് നേതാവ് വിതുര ശശി എന്നിവർക്കും സാദ്ധ്യത കൽപ്പിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |