
തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ചിത്രം നീക്കം ചെയ്തു. തിരുവനന്തപുരം പാറശ്ശാലയിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ച ചിത്രമാണ് എടുത്ത് മാറ്റിയത്. ഭരണം മാറിയപ്പോൾ ബോധപൂർവ്വം ചിത്രം മാറ്റിയതാണെന്ന് എൽഡിഎഫ് ആരോപിക്കുമ്പോൾ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പുതിയ ഭരണസമിതി വ്യക്തമാക്കി.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 15ൽ 12 സീറ്റുകൾ നേടി യുഡിഎഫ് ബ്ലോക്കു പഞ്ചായത്തിൽ അധികാരം പിടിച്ചെടുത്തിരുന്നു. എൽഡിഎഫ് ഭരണകാലത്ത് നിർമ്മിച്ച ഹാളിൽ നിന്നാണ് ഇപ്പോൾ വി എസിന്റെ ചിത്രം നീക്കം ചെയ്തിരിക്കുന്നത്. എൽഡിഎഫ് ഭരണകാലത്ത് 'വി.എസ്. മെമ്മോറിയൽ ഹാൾ' എന്ന് പേര് നൽകിയിരുന്ന സ്ഥലത്താണ് സംഭവം നടന്നത്. യുഡിഎഫ് അധികാരമേറ്റതോടെ ഹാളിന്റെ പ്രാധാന്യം കുറയ്ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് എൽഡിഎഫിന്റെ വിമർശനം.
പുതിയ പ്രസിഡന്റായി ഉഷ കുമാരി സത്യപ്രതിജ്ഞ ചെയ്ത സമയത്ത് വി എസിന്റെ ചിത്രം ഹാളിൽ ഉണ്ടായിരുന്നുവെന്ന് ദൃശ്യങ്ങൾ നിരത്തി എൽഡിഎഫ് പ്രവർത്തകർ രംഗത്തെത്തുകുയും ചെയ്തു. എന്നാൽ ചടങ്ങിന് ശേഷം അംഗങ്ങൾ എടുത്ത ഗ്രൂപ്പ് ഫോട്ടോകളിൽ ചിത്രം കാണാനില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ചിത്രം നീക്കം ചെയ്തതെന്നാണ് എൽഡിഎഫ് പറയുന്നത്.
എന്നാൽ ചിത്രം നീക്കം ചെയ്തതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് പ്രസിഡന്റ് ഉഷ കുമാരിയുടെ നിലപാട്. സത്യപ്രതിജ്ഞയ്ക്കിടെ ഉണ്ടായിരുന്ന ചിത്രം എങ്ങനെ അപ്രത്യക്ഷമായി എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അവർ വ്യക്തമാക്കി. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് എൽഡിഎഫ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം. മുൻ മുഖ്യമന്ത്രിയോടുള്ള അനാദരവാണിതെന്നും എൽഡിഎഫ് പ്രാദേശിക നേതൃത്വം ചൂണ്ടിക്കാണിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |