
കോട്ടയം: ഇടതുപക്ഷ അനുഭാവിയും ചാനൽ ചർച്ചകളിലെ ഇടത് സാന്നിദ്ധ്യവുമായിരുന്ന റെജി ലൂക്കോസ് ബിജപിയിൽ ചേർന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാകുന്നു. തനിക്ക് പിന്നാലെ കേരള കോൺഗ്രസിൽ നിന്നടക്കം കൂടുതൽ പേർ ബിജെപിയിലേക്ക് എത്തുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു റെജി ലൂക്കോസിന്റെ വെളിപ്പെടുത്തൽ. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് സിപിഎം അംഗത്വം ഇല്ലെന്ന വാദം റെജി ലൂക്കോസ് തള്ളി. കുറുമുള്ളൂർ ബ്രാഞ്ച് അംഗമായിരുന്നുവെന്നും 2021ലെ പാർട്ടി സമ്മേളനത്തിൽ അടക്കം പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഏഴു വർഷമായി പാർട്ടി മെമ്പർഷിപ്പ് ഉണ്ടെന്നാണ് അവകാശവാദം.
ദ്രവിച്ച പഴയ ആശയങ്ങളുമായി മുന്നോട്ടുപോകുന്നതിൽ അർത്ഥമില്ലെന്നും ബിജെപിയുടെ വികസന നയങ്ങളും ആശയങ്ങളും തന്നെ സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളിൽ നിന്ന് വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ ബിജെപിയിലേക്ക് ചേക്കേറുമെന്ന സൂചനയും റെജി നൽകുന്നുണ്ട്.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ പാർട്ടിയുടെ ശബ്ദമായിരുന്ന ഒരാൾ തന്നെ എതിർപക്ഷത്തേക്ക് കൂടുമാറിയത് ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക് പോകുന്നു എന്ന് നിരന്തരം ആരോപിക്കുന്ന സിപിഎമ്മിന്, സ്വന്തം അണികൾക്കിടയിലുണ്ടായ മാറ്റം രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്. റെജി ലൂക്കോസിന് പാർട്ടിയുമായി ബന്ധമില്ലെന്ന് ഔദ്യോഗിക നേതൃത്വം വിശദീകരിക്കുമ്പോഴും, താഴെത്തട്ടിലുള്ള പ്രവർത്തകരുടെ ചുവടുമാറ്റം ഗൗരവത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കികാണുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |