
തിരുവനന്തപുരം: കോർപ്പറേഷനിൽ മികച്ച പ്രതിപക്ഷമുള്ളത് ബിജെപിയുടെ ഭരണത്തിന് ഗുണം ചെയ്യുമെന്ന് നിയുക്ത മേയർ വി വി രാജേഷ്. എല്ലാവരെയും ചേർത്തുനിർത്തി ഭരണം നടത്തുമെന്നും അദ്ദേഹം ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയുടെ മുഖമായിട്ട് താൻ സംസാരിക്കുന്നുണ്ടെങ്കിലും എല്ലാവരും ഒരുമിച്ചാണ് ഭരണം നടത്താൻ പോകുന്നതെന്നും രാജേഷ് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
'ആദ്യകാലങ്ങളിൽ ബിജെപിക്ക് കേരളത്തിൽ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഞങ്ങൾ അനുഭവിച്ച ത്യാഗങ്ങളേക്കാൾ ഇരട്ടി അനുഭവിച്ചവർ ഇന്നും കള്ളക്കേസിൽ കുടുങ്ങി ജയിലിൽ കിടക്കുന്നുണ്ട്. അവരുടെ കുടുംബങ്ങളും കഷ്ടപ്പാടുകൾ അനുഭവിച്ചിരുന്നു. 2047 ആകുമ്പോഴേയ്ക്കും വികസിത ഭാരതമെന്ന ലക്ഷ്യത്തിൽ ബിജെപി എത്തിച്ചേരും. തിരുവനന്തപുരത്ത് എല്ലാവരെയും ചേർത്ത് നിർത്തി ഭരണം മുന്നോട്ടുകൊണ്ടുപോകും.
മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ പാർട്ടി ആവശ്യപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന ഒരു ചർച്ചയിലും ഞാൻ ഇല്ലായിരുന്നു. പാർട്ടിയുടെ പ്രവർത്തനം കൃത്യമായി ചെയ്യുന്നവരെ പാർട്ടി നിരീക്ഷിക്കുന്നുണ്ട്. മുഖമായിട്ട് ഞാൻ സംസാരിക്കുന്നുണ്ടെങ്കിലും ഞാൻ ഒറ്റയ്ക്കല്ല. എല്ലാവരും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കാൻ പോകുന്നത്. കരുത്തുള്ള പ്രതിപക്ഷമാണുള്ളത്. അപ്പോൾ ആരോഗ്യകരമായ ഭരണമായിരിക്കും ഞങ്ങൾ കാഴ്ചവയ്ക്കാൻ പോകുന്നത്. മികച്ച പ്രതിപക്ഷമുള്ളത് ഗുണം ചെയ്യും. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകും. പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനുള്ളിൽ തലസ്ഥാനത്ത് വരും. അത് ഉറപ്പ് നൽകുന്നു. അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാക്കി തിരുവനന്തപുരത്തെ മാറ്റും. അതാണ് ലക്ഷ്യം'- വി വി രാജേഷ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |