
തിരുവനന്തപുരം : സിപിഎമ്മും പോഷക സംഘടനകളും ചേർന്ന് ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഡോ. സിസ തോമസിനോടുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ വിരോധം മാത്രമാണ് സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാലകളിലെ വിസി നിയമനം നിയമകുരുക്കിലാക്കാൻ കാരണമായതെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു.
' പാർട്ടിയുടെ പോഷകസംഘടനകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും മാസങ്ങളോളം സിസ തോമസിനെതിരെ പ്രക്ഷോഭം നടത്തി. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിക്രമങ്ങൾ നടത്തുകയും, തുടർന്നുണ്ടായ സംഭവങ്ങളിൽ നിരവധി ഇടത് വിദ്യാർത്ഥി സംഘടനാ നേതാക്കൾ അറസ്റ്റിലാവുകയും റിമാൻഡിലാവുകയും ചെയ്തതാണ്. ഗവർണറുമായി ചർച്ച നടത്താൻ സുപ്രീം കോടതി മുഖ്യമന്ത്രിയോട് നിർദ്ദേശിച്ചപ്പോൾ, പാർട്ടി നിർദ്ദേശപ്രകാരം രണ്ട് മന്ത്രിമാരെ മാത്രമാണ് ചർച്ചയ്ക്കായി അയച്ചത്. ഒടുവിൽ മുഖ്യമന്ത്രി നേരിട്ട് ഗവർണറെ കണ്ടപ്പോഴാണ് വിഷയം പരിഹരിക്കപ്പെട്ടത്.
സെലക്ഷൻ കമ്മിറ്റികളിലേക്ക് തങ്ങളുടെ പ്രതിനിധികളെ അയക്കുന്നതിൽ നിന്ന് സർവകലാശാലാ സെനറ്റുകളെ തടഞ്ഞുകൊണ്ടും, ചാൻസലർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളെ ചോദ്യം ചെയ്തും സംസ്ഥാന സർക്കാർ വി.സി നിയമനങ്ങൾ ബോധപൂർവ്വം തടസപ്പെടുത്തുകയായിരുന്നു.കൃത്യനിർവ്വഹണത്തിലെ വീഴ്ചയുടെ പേരിൽ അന്നത്തെ രജിസ്ട്രാർ ഡോ. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തപ്പോൾ, സിപിഎമ്മും സിൻഡിക്കേറ്റ് അംഗങ്ങളും ചേർന്ന് കേരള സർവകലാശാലാ ക്യാമ്പസിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇതിനെത്തുടർന്ന് നിരവധി ഇടത് വിദ്യാർത്ഥി സംഘടനാ നേതാക്കൾക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാവുകയും ചെയ്തു.
ഇപ്പോൾ ഡോ. അനിൽകുമാറിനെ രജിസ്ട്രാർ സ്ഥാനത്തുനിന്ന് നീക്കാനും സ്വന്തം കോളേജിലേക്ക് തിരിച്ചയക്കാനും സർക്കാർ തീരുമാനിച്ചിരിക്കുന്നു. വൈകിയാണെങ്കിലും പാർട്ടിക്ക് വിവേകം ഉദിച്ചത് സ്വാഗതാർഹമാണ്. സിപിഎം തങ്ങളുടെ തെറ്റ് സമ്മതിക്കാനും, ചെയ്‌തുകൂട്ടിയ അതിക്രമങ്ങൾക്ക് ജനങ്ങളോട് മാപ്പ് പറയാനും തയ്യാറാകണം. ഈ വിഷയത്തിൽ ഗവർണർ സ്വീകരിച്ച ക്രിയാത്മകമായ നടപടികൾക്ക് ബിജെപി നന്ദി രേഖപ്പെടുത്തുന്നു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും നൽകും' രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |