മേപ്പാടി : കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ശാലിനി ടീച്ചറുടെ ആദ്യ അപേക്ഷ വയനാട്ടിൽ നിയമനം നൽകണമെന്നായിരുന്നു. ആഗ്രഹം പോലെ 2022ൽ മുണ്ടക്കൈ ഗവ.എൽ.പി സ്‌കൂളിലെത്തി. ഈ അദ്ധ്യായന വർഷം മീനങ്ങാടി ഗവ.എൽ.പിയിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ 'ടീച്ചർ പോവണ്ട' എന്ന് പല കുട്ടികളും സങ്കടപ്പെട്ടു. ജോലിയല്ലേ മക്കളെ പോകാതിരിക്കാൻ പറ്റുമോ. നിങ്ങളെ കാണാൻ ഇനിയും വരുമെന്ന് പറഞ്ഞിറങ്ങി. പക്ഷേ, മുണ്ടക്കൈയിലേക്കുള്ള യാത്ര ചേതനയറ്റ പിഞ്ചുമക്കളെ കാണാനാകുമെന്ന് കരുതിയില്ല. മുണ്ടക്കൈയിൽ ഉരുൾപൊട്ടിയെന്ന് കേട്ടതോടെ അറിയാവുന്ന നമ്പറുകളിലെല്ലാം വിളിച്ച് കുട്ടികൾ സുരക്ഷിതരല്ലേയെന്ന് ചോദിച്ചു. നടക്കുന്ന വർത്തമാനങ്ങളാണ് മലയിറങ്ങിവന്നത്. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസറായ ഭർത്താവ് കലേഷിനൊപ്പം മുണ്ടക്കൈയിലെത്തിയപ്പോൾ കേട്ടതിനപ്പുറമായിരുന്നു കാഴ്ചകൾ. മണ്ണിൽ പുതഞ്ഞവരെ തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല. മേപ്പാടി പി.എച്ച്സിക്ക് മുന്നിലെ പന്തലിൽ കിടത്തിയ നൂറ്കണക്കിന് മൃതദേഹങ്ങളിൽ പലതും തന്റെ കുട്ടികളായിരുന്നുവെന്ന് തൊണ്ടയിടറി ടീച്ചർ പറഞ്ഞു. പഠനത്തിലും പഠനേതര കാര്യങ്ങളിലും പെൺകുട്ടികളെയും സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ടീച്ചർ തുടക്കമിട്ട സൈക്കിൾ പഠനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനായി പി.ടി സമയം നീക്കിവച്ചു.
ടീച്ചറെ കണ്ടപ്പോൾ പല അമ്മമാരും കെട്ടിപ്പിടിച്ച് കരഞ്ഞു. മുണ്ടക്കൈയിൽ നിന്ന് തുടങ്ങിയതാണ് ടീച്ചറുടെ അദ്ധ്യാപന യാത്ര. പ്രിയപ്പെട്ട കുട്ടികൾ ഉറങ്ങുന്ന മണ്ണിലേക്ക് വീണ്ടുമെത്താൻ വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നൽകിയിരിക്കുകയാണ് ശാലിനി ടീച്ചർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |