ന്യൂഡൽഹി: നാനൂറിലധികം മനുഷ്യജീവനുകൾ പൊലിഞ്ഞ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവിലെ ചട്ടങ്ങൾ പ്രകാരമാണിതെന്നാണ്
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസിനെ അറിയിച്ചത്.
കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ ഫണ്ട്(എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്) നിയമപ്രകാരം ഒരു ദുരന്തവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല. ദുരന്തനിവാരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാനങ്ങൾക്കാണ്. കേരളത്തിന്റെ പക്കൽ ഇതിന് ആവശ്യമായ പണമുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. അക്കൗണ്ടന്റ് ജനറൽ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ദുരന്തനിവാരണ ഫണ്ടിന്റെ നീക്കിയിരിപ്പായി ഏപ്രിൽ ഒന്നിന് 394.99 കോടി രൂപ ഉണ്ടായിരുന്നു.
2024-25 സാമ്പത്തിക വർഷത്തിൽ ദുരന്തനിവാരണ ഇനത്തിൽ 388 കോടി രൂപ (291.20 കോടി കേന്ദ്രവിഹിതവും 96.80കോടി സംസ്ഥാന വിഹിതവും) അനുവദിച്ചിരുന്നു. ഇതിൽ ആദ്യഗഡു 145 കോടി ജൂലായ് 31നും രണ്ടാം ഗഡു 145.60 കോടി ഒക്‌ടോബർ ഒന്നിനും മുൻകൂറായി കൈമാറി. എൻ.ഡി.ആർ.എഫ് ചട്ട പ്രകാരം നൽകുന്ന സാമ്പത്തിക സഹായം ദുരിതാശ്വാസമാണെന്നും നഷ്‌ടപരിഹാരമല്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.
വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിനുള്ള മറുപടിയാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രിയെ നേരിട്ടു കണ്ടും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
ദുരന്തത്തിനുശേഷം കേന്ദ്രസർക്കാർ ഫലപ്രദമായി ഇടപെട്ടുവെന്ന് കത്തിൽ വിശദീകരിക്കുന്നു. പ്രധാനമന്ത്രി സ്ഥലം സന്ദർശിച്ചതും കോഴിക്കോട് കളക്‌ടറേറ്റിൽ അവലോകന യോഗത്തിൽ പങ്കെടുത്തതും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. സംസ്ഥാനം ആവശ്യപ്പെടും മുൻപേ ആഗസ്റ്റ് 8-10 തീയതികളിൽ കേന്ദ്രസംഘം ദുരന്തസ്ഥലം സന്ദർശിച്ചതും കത്തിൽ വിവരിക്കുന്നു.
കോടതിയിൽ പറഞ്ഞത്
വയനാട് ഉരുൾപൊട്ടലിനെ അതിതീവ്ര(ലെവൽ 3) ദുരന്തമായി പ്രഖ്യാപിക്കുന്നതിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്നാണ് ഒക്ടോബർ 30ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്. ഇതുസംബന്ധിച്ച് ഉന്നതതല സമിതിയുടെ തീരുമാനം പ്രതീക്ഷിക്കുകയാണെന്നും അഡിഷണൽ സോളിസിറ്റർ ജനറൽ ബോധിപ്പിച്ചിരുന്നു. മുണ്ടക്കൈ- ചൂരൽമല ഉരുൽപൊട്ടലിനെ അതിതീവ്രദുരന്തമായി പരിഗണിക്കണമെന്ന് അമിക്കസ്‌ക്യൂറി നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയെങ്കിൽ സംസ്ഥാനത്തിന് ലഭ്യമാകുന്ന ദുരിതാശ്വാസ സഹായങ്ങളിൽ വർദ്ധനയുണ്ടാകും. ആഗോള സഹായത്തിനും വഴിതെളിയും. ദുരന്തത്തിൽ നഷ്ടമായ ജീവനുകൾ, കന്നുകാലികൾ, വിളകൾ, സ്വത്ത്, തകർന്ന പാലങ്ങൾ, റോഡുകൾ, കെട്ടിടങ്ങൾ എന്നിവയുടെ നാശനഷ്ടം കണക്കാക്കുമ്പോൾ അതിതീവ്രഗണത്തിൽ ഉൾപ്പെടുത്താമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
2005ലെ ദേശീയദുരന്തനിവാരണ നിയമം അനുസരിച്ച് ദേശീയദുരന്തം എന്നൊരു വിഭാഗം ഇല്ല. അതിനെ വളച്ചൊടിച്ച് കേന്ദ്ര സർക്കാർ വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമാക്കില്ലെന്ന് പറയുന്നത് ശരിയല്ല
വി. മുരളീധരൻ,
മുൻ കേന്ദ്രമന്ത്രി
കേന്ദ്രത്തിന്റേത് ശരിയായ നിലപാടല്ല. ചൂരൽമലയിലുണ്ടായത് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിൽ ഉന്നയിച്ചതാണ്. ഇതിൽ ഒരു തരത്തിലുള്ള എതിർപ്പും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. ബി.ജെ.പി ഭരിക്കുന്നിടത്ത് മാത്രമേ സഹായം നൽകുകയുള്ളുവെന്ന കേന്ദ്രത്തിന്റെ സമീപനം തെറ്റാണ്
- മന്ത്രി മുഹമ്മദ്ദ് റിയാസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |