തിരുവനന്തപുരം: വയനാട് മഹാദുരന്തത്തിൽ സംസ്ഥാനം സമർപ്പിച്ച പുനരുദ്ധാരണ സഹായാഭ്യർത്ഥനയിൽ പിഴവ് പറ്റിയില്ലെന്ന് ചീഫ് സെക്രട്ടറി ശാരദാമുരളീധരൻ.
അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചാൽ ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നുള്ള അധിക ഫണ്ടിനുൾപ്പെടെ സംസ്ഥാനം അർഹത നേടും. വായ്പാ തിരിച്ചടവിൽ ആശ്വാസം, ദുരന്ത ബാധിതർക്ക് ഇളവോടെ പുതിയ വായ്പകൾ എന്നിവയ്ക്കും സാഹചര്യമൊരുങ്ങും. ഇതാണ് കേരളം ആവശ്യപ്പെട്ടത്.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ദുരന്ത നിവാരണ ചട്ടങ്ങൾ പ്രകാരം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വ്യവസ്ഥയില്ലെന്നാണ് കേന്ദ്രമന്ത്രി മറുപടി നൽകിയത്. ഈ വ്യവസ്ഥ മനസിലാക്കിയുള്ള അപേക്ഷയാണ് സമർപ്പിച്ചതെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
അതിതീവ്ര ഗണത്തിൽ (ലെവൽ 3) ഉൾപ്പെടുത്താനാണ് അഭ്യർത്ഥിച്ചത്. സഹായം നിഷേധിച്ച് അറിയിപ്പ് കിട്ടിയിട്ടുമില്ല.
വിവിധ വകുപ്പുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ ഉൾപ്പെടുത്തി സമർപ്പിച്ച പ്രൊവിഷൻ ഡിസാസ്റ്റർ മാനേജ്മെന്റ് അസസ്മെന്റ് റിപ്പോർട്ട് (പി.ഡി.എം.എ) കേന്ദ്രം പഠിച്ചുവരികയാണെന്നാണ് ഔദ്യോഗിക അറിയിപ്പ്. കേന്ദ്രസംഘത്തിന്റെ ഫീൽഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാറ്റഗറി തീരുമാനിച്ച് സഹായം അനുവദിക്കുക.
നാശനഷ്ടങ്ങൾക്ക് 1202കോടിയും പുനരുദ്ധാരണത്തിന് 1800 കോടിയുടെ അധികസഹായവുമുൾപ്പെടെ 3000കോടിക്കാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
രാഷ്ട്രീയ സമ്മർദ്ദം
കടുപ്പിക്കാൻ നീക്കം
കേന്ദ്രം സഹായം വൈകിപ്പിക്കുന്നതിനെതിരെ കക്ഷിരാഷ്ട്രീയഭേദമില്ലാതെ സമ്മർദ്ദം ശക്തമാക്കും. തുടർ നടപടി അടുത്ത മന്ത്രിസഭാ യോഗത്തിലെടുക്കും. പാർലമെന്റിലും ഉന്നയിക്കും. കേന്ദ്രത്തെ വീണ്ടും സമീപിക്കുന്നതും ആലോചനയിലാണ്. കേന്ദ്രസഹായം കുറഞ്ഞാൽ വായ്പാ പരിധിയിൽ ഇളവോ, കിഫ്ബി മുഖേന വായ്പയെടുക്കുന്നതിന് അനുമതിയോ ആവശ്യപ്പെടും.
കോടതിയിലും പ്രതീക്ഷ
വയനാട് ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ ഈമാസം തന്നെ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഇന്നലെ കേന്ദ്രത്തിന് നിർദ്ദേശം നൽകിയതും പ്രതീക്ഷ നൽകുന്നു. ഹൈപവർ കമ്മിറ്റി ചേരേണ്ടതുണ്ടെന്നാണ് അഡിഷണൽ സോളിസിറ്റർ ജനറൽ മറുപടി നൽകിയത്. കേന്ദ്ര മന്ത്രിയുടെ കുറുപ്പിൽ സഹായം നൽകില്ലെന്ന് പറയുന്നില്ലല്ലോയെന്നും കോടതി ചൂണ്ടിക്കാട്ടി.
അതിതീവ്ര മാനദണ്ഡം
സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകളെ ബാധിക്കുന്നതാണ് 'അതിതീവ്ര ദുരന്തം" എന്നാണ് 2000ൽ പത്താം ധനകാര്യ കമ്മിഷൻ നിർവചിച്ചത്. ജീവനാശം,നാശനഷ്ടം, പരിസ്ഥിതിശോഷണം എന്നിവയുടെ വ്യാപ്തി പരിശോധിച്ചാകും കാറ്റഗറി പ്രഖ്യാപിക്കുക.
കൈയിലുള്ളത്
കേന്ദ്രവിഹിതം 291.2 കോടി,
സംസ്ഥാനവിഹിതം 96.8കോടി,
മാർച്ച് 31 വരെ മിച്ചമുള്ള 394.99കോടിയുൾപ്പെടെ 782.99 കോടി.
സംഭാവനയായി കിട്ടിയ 514.14 കോടി
19ന് വയനാട്
ഹർത്താൽ
മുണ്ടക്കൈ , ചൂരൽമല ഉരുൾപൊട്ടൽ ധനസഹായംപ്രഖ്യാപിക്കാത്ത കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് ഈമാസം 19 ന് വയനാട്ടിൽ എൽ.ഡി.എഫും യു.ഡി.എഫും ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
വയനാട് ദുരന്തത്തിൽ വിവേചന സമീപനമാണ് കേന്ദ്രത്തിന്. ആരുടെയും സഹായമില്ലെങ്കിലും പുനരധിവാസം സർക്കാർ ഉറപ്പാക്കും
മുഖ്യമന്ത്രി
പിണറായി വിജയൻ
ലെവൽ ത്രീ ദുരന്തമായി പ്രഖ്യാപിക്കാൻ ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. അർഹമായ സമയത്ത് കേന്ദ്രത്തിന്റെ പുനരധിവാസ പാക്കേജ് ഉണ്ടാകും
ജോർജ് കുര്യൻ,
കേന്ദ്ര സഹമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |