തിരുവനന്തപുരം: ഓണ വിപണിയിൽ വെളിച്ചെണ്ണ ന്യായവിലയിൽ നൽകുമെന്ന് മന്ത്രി ജി ആർ അനിൽ. വില പിടിച്ചുനിർത്താൻ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഓണക്കാലത്ത് അരിയും വെളിച്ചെണ്ണയും പരമാവധി വിലക്കുറവിൽ ലഭ്യമാക്കാൻ സപ്ലൈകോ ക്രമീകരണം ഏർപ്പെടുത്തുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ സപ്ലൈകോ ആസ്ഥാനത്ത് ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. അരി സംഭരിക്കുന്നതിന് ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുമായി ചർച്ച നടത്തി. ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി സംസാരിച്ച് വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
കേരജം വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 100 രൂപ വർദ്ധിപ്പിച്ചിരിക്കുകയാണ് സർക്കാർ. പുതിയ വില ലിറ്ററിന് 450 രൂപയാണ്. കൊപ്രയുടെ വില വർദ്ധിച്ചതോടെയാണ് വില കൂട്ടിയത്. 350ൽ നിന്നാണ് രണ്ടാഴ്ച്ചയ്ക്കുളളിൽ 100 രൂപ കൂടിയത്. ഈ മാസം രണ്ടാം തവണയാണ് വില കൂട്ടിയത്. ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണ വാങ്ങാന്‍ 529 രൂപയാണ് നല്‍കേണ്ടത്. ആറ് മാസത്തിനിടെ മൊത്തം വില ഇരട്ടിയില്‍ അധികം വര്‍ദ്ധിച്ചിട്ടുണ്ട്.
കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ഫിലിപ്പീന്‍സിലും തേങ്ങയുടെ ഉത്പാദനം കുറഞ്ഞതും കേരളത്തില്‍ നാളികേരത്തിന്റെ ഇറക്കുമതിയിലെ ഇടിവുമാണ് വെളിച്ചെണ്ണ വില വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങൾ. ഈ വര്‍ഷം തുടക്കത്തില്‍ ഒരു കിലോ നാളികേരത്തിന് 33 രൂപയായിരുന്നു വില. എന്നാല്‍ നിലവില്‍ കിലോയ്ക്ക് വില 100 രൂപയോട് അടുക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |