തിരുവനന്തപുരം: സർക്കാരിന്റെ ഓണത്തിനൊരുമുറം പച്ചക്കറിയെന്ന പദ്ധതി ഇത്തവണ രാജ് ഭവനിലും നടപ്പാക്കും. ഗവർണർ ആർ.വി. ആർലേക്കറുടെ ജനകീയ ശൈലിയാണ് ഓണം പച്ചക്കറി കൃഷിക്കു പിന്നിൽ.
രാജ്ഭവൻ വളപ്പിലെ 50ഏക്കർ ഭൂമിയിലാണ് ഓണത്തിന് പച്ചക്കറി വിളയിക്കുന്നത്. പടവലം, ചീര, മുരിങ്ങ, നെയ്ക്കുമ്പളം, മത്തൻ, നീളപ്പയർ എന്നിവ കൂടാതെ ഏകദേശം 150 ഏത്തവാഴ , പാളയന്തോടൻ, രസകദളി, മധുരക്കിഴങ്ങ്, കപ്പ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. ഓണത്തിന് വിളവെടുത്ത് കിറ്റുകളാക്കി രാജ് ഭവനിലെ ജീവനക്കാർക്കും കൂടുതലുണ്ടെങ്കിൽ പൊതുജനങ്ങൾക്കും നൽകും.
മേൽനോട്ടത്തിന് കൃഷിവകുപ്പിൽ നിന്നുള്ള സൂപ്പർവൈസറെ നിയോഗിച്ചു.
രാജ്ഭവനിൽനിന്ന് തേൻ, ചിപ്സ് തുടങ്ങിയ 'മെയ്ഡ് ഇൻ രാജ്ഭവൻ' ഉത്പന്നങ്ങളും പുറത്തിറക്കാൻ പദ്ധതിയുണ്ട്. ഏത്തനു പുറമെ രാജ്ഭവൻ വളപ്പിലെ ചക്കകളും ഉപ്പേരിയാകും.
രാജ് ഭവൻ വളപ്പിൽ ഔഷധചെടികൾ നടുന്നതിനും സംരക്ഷണ പരിശീലനം നൽകുന്നതിനും നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇല്ലിമുള ത്തോട്ടം ഒരുക്കാനുള്ള പദ്ധതിക്കും അംഗീകാരം നേടി.
രാജ്ഭവൻ വളപ്പിലുള്ള നാല് കുളങ്ങളിൽ മത്സ്യകൃഷിക്ക് മത്സ്യഫെഡിന്റെ അഭിപ്രായം തേടിയിട്ടുണ്ട്. ഗോശാലയിൽ വെച്ചൂർ പശു ഉൾപ്പെടെ നാല് പശുക്കളും നാല് കാളകളും ഉണ്ട്. ആടുകൾക്കും പ്രത്യേകം കൂടുണ്ട്. രാജ്ഭവനാവശ്യമായ പാല് ഇവിടെത്തന്നെ ലഭ്യമാക്കുന്നുണ്ട്.
'ആവശ്യമായ കാർഷിക ഉത്പന്നങ്ങൾ സംഭരിക്കുന്നതിനായി ചെറിയൊരു സംഭരണശാലയും വിതരണ സംവിധാനവും ഒരുക്കുമെന്ന് ഗവർണർ പറഞ്ഞു.ബീഹാറിൽ ഗവർണറായിരുന്ന കാലത്തും കൃഷി നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |