
തിരുവനന്തപുരം: ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തിരഞ്ഞെടുപ്പിന് മുൻപേ കണ്ണൂരിൽ സി.പി.എം സ്ഥാനാർത്ഥികൾ വിജയം ആഘോഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഗുണ്ടായിസം കാട്ടിയും ഭയപ്പെടുത്തിയും എതിർ സ്ഥാനാർത്ഥികളെയോ എതിർ രാഷ്ട്രീയത്തെയോ അനുവദിക്കാത്ത പാർട്ടിയുടെ കാടത്തമാണ് സി.പി.എമ്മിന്റെ ആഘോഷങ്ങളിലൂടെ പുറത്തു വരുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാന സെക്രട്ടറിയുടെ വാർഡിൽ സി.പി.എം ക്രിമിനലുകൾ യു.ഡി.എഫ് സ്ഥാനാർത്ഥികളാകാൻ തയാറായവരെ ഭീഷണിപ്പെടുത്തി. പഞ്ചായത്തിലും സ്വന്തം വാർഡിലും ജില്ലയിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത പിണറായി വിജയനും എം.വി ഗോവിന്ദനുമാണ് ഫാസിസ്റ്റു വിരുദ്ധ ക്ലാസെടുക്കുന്നത്. ബംഗാളിലും ത്രിപുരയിലും ഇതിനേക്കാൾ വലിയ പാർട്ടി ഗ്രാമങ്ങളുണ്ടായിരുന്നത് സി.പി.എം മറക്കരുത്.
യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ സൂക്ഷ്മ പരിശോധനയിൽ നിയമവിരുദ്ധമായി തള്ളാൻ സി.പി.എം ഫ്രാക്ഷൻ പോലെ ഒരു സംഘം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചു. സി.പി.എം ക്രിമിനൽ സംഘത്തിന്റെ ഭീഷണിയുള്ള കണ്ണൂർ ജില്ലയിലെ മലപ്പട്ടത്തും കണ്ണപുരത്തും ആന്തൂരിലും ഇത് വ്യക്തമായിരുന്നു. മലപ്പട്ടം പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളാൻ വരണാധികാരിക്ക് മുന്നിൽ സ്ഥാനാർത്ഥി ഇട്ട ഒപ്പ് വ്യാജമാണെന്ന വിചിത്രമായ കണ്ടെത്തലാണ് ഉദ്യോഗസ്ഥൻ നടത്തിയത്. എറണാകുളം കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ തിരുത്തിയ പത്രിക സമർപ്പിക്കാൻ എത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി വരണാധികാരിക്ക് മുന്നിലെത്തുന്നത് വൈകിപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചു.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നടപടിയെ യു.ഡി.എഫ് നിയമപരമായി നേരിടുമെന്നും സതീശൻ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |