തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ചാണ്ടി ഉമ്മന് അഭിനന്ദനവുമായി ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ രംഗത്ത്. പുതുപ്പളളിയിൽ ചാണ്ടി ഉമ്മൻ വിജയിച്ചെന്ന് പറയുമ്പോഴും യഥാർത്ഥത്തിൽ വിജയിച്ചത് ഉമ്മൻചാണ്ടി തന്നെയാണെന്ന് അഖിൽ മാരാർ പറഞ്ഞു. ഉമ്മൻചാണ്ടി സാറിനെ തള്ളിപ്പറഞ്ഞ, പരിഹസിച്ച, ഇടതുപക്ഷ അനുഭാവികൾ പോലും മനസറിഞ്ഞ് പശ്ചാത്തപിച്ച് ചാണ്ടി ഉമ്മന് പിന്തുണ നൽകിയിട്ടുണ്ടെന്ന് അഖിൽ മാരാർ കൂട്ടിച്ചേർത്തു.
ഫല പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് അഖിൽ മാരാറിന്റെ പ്രതികരണം. ചാണ്ടി ഉമ്മന്റെ വിജയത്തിന് പിന്നിലെ കാരണങ്ങളും അഖിൽ മാരാർ വീഡിയോയിൽ പറയുന്നുണ്ട്. അഖിൽ മാരാരുടെ വാക്കുകളിലേക്ക്...
'ചാണ്ടി ഉമ്മന്റെ വിജയത്തിന് പിന്നിലെ കാരണം, നമ്മൾ ആദ്യം വെളിപ്പെടുത്തണം. വിജയത്തിന്റെ കാരണം കണ്ടെത്തിയെങ്കിൽ മാത്രമേ, ആ വിജയം നമുക്ക് മുന്നോട്ടുകൊണ്ടു പോകാൻ സാധിക്കുകയുള്ളൂ. ഇന്നത്തെ ഈ വിജയത്തിന്റെ പ്രധാനപ്പെട്ട കാരണം, ഉമ്മൻ ചാണ്ടി എന്ന മനുഷ്യന്റെ അമ്പത് വർഷക്കാലമുള്ള പൊതുപ്രവർത്തനത്തിലെ നന്മ തന്നെയാണ്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്'.
'രണ്ടാമത്തേത്, അദ്ദേഹത്തെ പരിഹസിച്ച, അദ്ദേഹത്തെ ഒരുപാട് എതിർത്ത ഇടതുപക്ഷ അനുഭാവികൾ പോലും മനസുകൊണ്ട് അതിൽ പശ്ചാത്തപിച്ചു. കാരണം, സോളാർ വിഷയത്തിൽ അദ്ദേഹത്തെ ഏതൊക്കെ രീതിയിൽ ആക്രമിക്കാൻ സാധിക്കുമോ ആ രീതിയിലൊക്കെ കടന്നാക്രമിച്ചിട്ടുള്ള മനുഷ്യർക്കിടെയിൽ ഒരു വലിയ പശ്ചാത്താപം ചാണ്ടി ഉമ്മന് പിന്തുണയായി വന്നു. അത് മറ്റൊരു കാരണമാണ്'- അഖിൽ മാരാർ പറഞ്ഞു.
'ഇനി മൂന്നാമത്തെ കാരണം, കമ്മ്യൂണിസ്റ്റ് പാർട്ടി കഴിഞ്ഞ ഏഴ് വർഷങ്ങളായി സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഏഴ് വർഷത്തെ ഒരു ഇടതുപക്ഷ വിരുദ്ധത സ്വാഭാവികമായി ഭരണ വിരുദ്ധത, ഇടതുപക്ഷ വിരുദ്ധത എന്ന് പറയുന്നില്ല. ഭരണത്തോടുള്ള ഒരു വിരുദ്ധ മനോഭാവം മലയാളികൾ കാത്തുസൂക്ഷിക്കുന്നുണ്ട്. അത്തരമൊരു മനോഭാവം ഈ വിജയത്തിന് ഒരു കാരണമായി മാറിയിട്ടുണ്ട്'.
'ഇനി ഈ കാരണങ്ങളെ എല്ലാം കട്ട് ചെയ്യുക എന്നതാണ് ചാണ്ടി ഉമ്മൻ ശ്രമിക്കേണ്ട കാര്യം. അതായത് ഇന്ന് താൻ വിജയിക്കാനുള്ള എല്ലാ കാരണങ്ങളെയും കട്ട് ചെയ്താൽ മാത്രമേ ചാണ്ടി ഉമ്മൻ അടുത്ത തിരഞ്ഞെടുപ്പിൽ വിജയം നിലനിർത്താൻ സാധിക്കുകയുള്ളൂ. അതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. ഇനി വിജയിക്കാനുള്ള കാരണം ചാണ്ടി ഉമ്മനായി മാറണം. ഈ വിജയത്തിൽ അഹങ്കരിക്കാനോ, വിജയം വരുമ്പോൾ ഞങ്ങൾ ഇവിടെ മലമറിച്ച് കളയും, കമ്മ്യൂണിസ്റ്റ് പാർട്ടിയെ മലർത്തിയടിക്കും എന്ന് പറയുന്ന ഒരു മനോഭാവത്തിലേക്ക് ഒരു കോൺഗ്രസ് അനുഭാവിയും എത്താൻ പാടില്ല'.
'നിങ്ങൾ എല്ലായ്‌പ്പോഴും മനസിൽ സൂക്ഷിക്കേണ്ട കാര്യം, വിജയിക്കാനുള്ള കാരണം, നിങ്ങളുടെ പ്രവർത്തന മികവ് കൊണ്ടാണെന്ന് ചിന്തിക്കുക. പ്രകടന മികവ് കൊണ്ട് നിങ്ങൾ വിജയിക്കുമ്പോൾ മാത്രമേ നാളെയും നിങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയുള്ളൂ'- അഖിൽ മാരാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |