
തൃശൂർ: ഹൈസ്കൂൾ വിഭാഗം പണിയനൃത്തം വേദിയിലേയ്ക്ക് കയറും മുന്നേ ഉള്ളുനിറഞ്ഞ കടപ്പാടോടെ അവരൊന്നായി പറഞ്ഞു, 'ഒക്കാക്കും നന്ദിളാ (എല്ലാവർക്കും നന്ദി). മാനന്തവാടി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പണിയവിഭാഗം ആദിവാസി കലാകാരൻമാരായ വിദ്യാർത്ഥികൾ. ഇന്നോളം താണ്ടിയ മത്സരകാലങ്ങളിലൊക്കെ താങ്ങായി നിന്നത് നൻമയുള്ള സമൂഹമാണ്. അവരെ ഓർക്കാതെ എങ്ങനെ വേദിയിൽ കയറും.
പരിശീലകന് അരലക്ഷത്തിലേറെ രൂപ. വസ്ത്രാലങ്കാരത്തിനും യാത്രചെലവിനും ഭക്ഷണത്തിനുമെല്ലാം അടക്കം ഒന്നരലക്ഷം രൂപ വേറെയും. പകച്ചുപോയ അദ്ധ്യാപകർ ഒടുവിൽ ധനസഹായം ആവശ്യപ്പെട്ട് സാമൂഹ്യമാദ്ധ്യമങ്ങളിൽ സന്ദേശം പ്രചരിപ്പിച്ചു. അത് ഫലം കണ്ടു. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുളളവരിൽ നിന്ന് പണമെത്തി. ഒടുവിൽ അവർ തൃശൂരിലെത്തി. പണിയനൃത്തം അവതരിപ്പിച്ചു. ഇന്ന് മംഗലംകളിയും കഴിഞ്ഞ് മടങ്ങും.
സ്കൂളിൽ താമസിപ്പിച്ച് പഠിപ്പിച്ചു
പരീക്ഷയ്ക്ക് സ്കൂളിൽ താമസിപ്പിച്ച് പഠിപ്പിക്കുന്നതു പോലെ മത്സരത്തിനും സ്കൂളിൽ താമസിപ്പിക്കുകയായിരുന്നു.
അദ്ധ്യാപകർക്ക് അതിനായി ഡ്യൂട്ടിയിട്ടു. അതിനുവേണ്ടിയും പണം ചെലവായി. തൃശൂരിലും അവർക്കു വേണ്ടി ഒരു വീടെടുത്ത് പരിശീലനം നടത്തിയാണ് വേദിയിലെത്തിച്ചത്. പണിയനൃത്തത്തിന് എട്ട് പെൺകുട്ടികളും നാല് ആൺകുട്ടികളുമാണ് എത്തിയത്.
കല്ലമാല, തോടക്കമ്മൽ...
മുടച്ചുള്, ഒറ്റത്താലി, കല്ലമാല, പണക്കല്ലമാല തുടങ്ങിയ മാലകളാണ് പെൺകുട്ടികൾ അണിഞ്ഞത്. ചെറിയ മുത്തുകൾ വെച്ച് കോർത്ത മാലകളാണത്. താേടക്കമ്മൽ, ഈയവള, മാട്ടി, പാറ്റമൂക്കുത്തി എന്നിവയുമുണ്ട്. ആൺകുട്ടികൾക്ക് കല്ലമാല, മൂന്ന് തുടി, ചീനക്കുഴൽ എന്നിവയാണുളളത്. മാനന്തവാടി സ്വദേശി മണികണ്ഠനായിരുന്നു ഗുരു. സ്കൂളിലെ അദ്ധ്യാപകൻ സനീഷിൻ്റെ നേതൃത്വത്തിലായിരുന്നു കുട്ടികളെ വേദിയിലെത്തിച്ചത്. വയനാടാണ് പണിയവിഭാഗത്തിൻ്റെ പ്രധാനകേന്ദ്രം. വിളവെടുപ്പിന്റെ സന്തോഷം നടപ്പിലും ചേലിലും ആവാഹിച്ച് അവർ പണിയ നൃത്തത്തിൽ ചുവടു വെച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |