
തിരുവനന്തപുരം: ജോസ് കെ മാണിയുടെ പാർട്ടി ഇടതുമുന്നണി വിടുമ്പോഴോ അതിനുള്ള താൽപ്പര്യം പ്രകടിപ്പിക്കുമ്പോഴോ മാത്രമേ ചർച്ചക്ക് പ്രസക്തിയുള്ളൂവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരു മുന്നണിക്കകത്ത് നിൽക്കുന്ന കക്ഷിയെ ഞങ്ങളുടെ കൂടെ പിടിച്ചുകൊണ്ട് വരാൻ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല. അല്ലെങ്കിൽ അവർ പറയണം ഞങ്ങൾക്ക് താല്പര്യമുണ്ട് എന്ന്. അല്ലാത്തിടത്തോളം കാലം ഒരു ചർച്ചയ്ക്ക് എന്ത് പ്രസക്തിയാ ഉള്ളത്?.പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാർലമെന്റ് തെരഞ്ഞെടുപ്പിലും യുഡിഎഫിന് വൻ വിജയമുണ്ടായി. അടുത്ത വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് 100 സീറ്റുകളിൽ കൂടുതൽ നേടി അധികാരത്തിൽ വരുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അത് ഒരു സംശയവുമില്ല.കേരളത്തിലെ ജനങ്ങൾ യുഡിഎഫിന് അനുകൂലമായി ചിന്തിക്കുന്നു. ജനങ്ങൾ ആഗ്രഹിക്കുന്നത് ഒരു ഭരണമാറ്റമാണ്. അത് മനസിലാകാത്ത ഒരാൾ മാത്രമേയുള്ളൂ, അത് കേരളത്തിലെ മുഖ്യമന്ത്രിയാണ്.
അയിഷാ പോറ്റി പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമാണ്. 'ഞാൻ ചേർന്ന പാർട്ടിയല്ല ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി' എന്ന്. ഇനി അങ്ങനെയൊരു പാർട്ടിക്ക് എന്നെപ്പോലൊരാൾക്ക് തുടരാൻ കഴിയില്ല എന്നാണ് പറഞ്ഞത്. വളരെ ഗൗരവമായ ഒരു വിഷയമല്ലേ അവർ പറഞ്ഞത്? അവർ ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമായിരുന്നു. അവർ ചേർന്ന പാർട്ടിയല്ല ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നാണ് അവർ പറയുന്നത്. ആ പാർട്ടിക്ക് സംഭവിച്ചിരിക്കുന്ന അപചയങ്ങളെപ്പറ്റിയാണ് അവർ പറഞ്ഞത്.
ഞങ്ങളെ സംബന്ധിച്ചിടത്തോളം യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുക എന്ന് പറയുന്നത് ഏതെങ്കിലും പാർട്ടിയെ ചാക്കിട്ട് പിടിക്കുക എന്നുള്ളതല്ല. അതിനകത്ത് എല്ലാ സമാനചിന്താഗതിക്കാരായ ജനങ്ങൾ, മതേതര ജനാധിപത്യ വിശ്വാസികളായ വ്യക്തികൾ ഇവരുടെയെല്ലാം പിന്തുണ ആർജിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലുമൊക്കെ അത് ജനങ്ങൾ ഞങ്ങളോടൊപ്പം അണിനിരന്നു എന്നതാണ്.
വയനാട്ടിൽ ആദ്യം സിപിഎം പ്രചരിപ്പിച്ചത് കോൺഗ്രസ് വീടുവച്ചുകൊടുക്കില്ലന്നാണ്. ഇപ്പോൾ അതിനായി ഞങ്ങൾ പണം കൊടുത്തു സ്ഥലം വാങ്ങിച്ചപ്പോൾ പറയുന്നു ആനത്താരയാണെന്ന്. അവിടെ കടുവയും പുലിയും ആനയുമൊക്കെ എല്ലായിടത്തൂടെയും നടന്നുപോകുന്ന സ്ഥലങ്ങളാണ്. വാസയോഗ്യമായ സ്ഥലം തന്നെയാണ് എന്നാണ് ഞങ്ങൾക്ക് കിട്ടിയിട്ടുള്ള റിപ്പോർട്ട്. ഇനി ഞങ്ങൾ വീടും വച്ച് കൊടുക്കും അവിടെ. സിപിഎം നിരന്തരമായി നടത്തുന്ന നുണപ്രചരണങ്ങൾ മാധ്യമങ്ങൾ ഏറ്റെടുക്കരുത്'- ചെന്നിത്തല ആവശ്യപ്പെട്ടു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |