
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണം സംഘത്തിൽ സി.പി.എം നേതൃത്വവുമായി ബന്ധമുള്ള രണ്ട് സി.ഐമാരെ നിയോഗിച്ചത് വിശ്വാസ്യത തകർക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഹൈക്കോടതിയുടെ മുന്നിൽ ഈ പേരുകൾ വന്നതിന് പിന്നിൽ രണ്ട് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് സി.പി.എമ്മിനു വേണ്ടി വിടുപണി ചെയ്യുന്ന ഉന്നതനുമാണ്. ഈ ഉദ്യോഗസ്ഥൻ കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളക്കേസുകൾ ചുമത്തി കുപ്രസിദ്ധനായ വ്യക്തിയാണ്. എസ്.ഐ.ടിയുടെ നീക്കങ്ങൾ ചോർത്തി അന്വേഷണം വഴിതിരിച്ചു വിട്ട് കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് ലക്ഷ്യം. ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്നും സതീശൻ ആവശ്യപ്പെട്ടു.
കടകംപള്ളിയുടെ ചോദ്യം ചെയ്യൽ രഹസ്യമാക്കിയത് എന്തിനെന്ന്: കെ.സി
കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം രഹസ്യമായി ചോദ്യം ചെയ്തത് എന്തിനാണെന്നും ഇത്തരം പ്രിവിലേജിന് അവകാശമുണ്ടോയെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചോദിച്ചു. അന്വേഷണത്തിൽ ഹൈക്കോടതി പ്രകടിപ്പിച്ച സംശയം ശരിവയ്ക്കുന്നതാണിത്. ഹൈക്കോടതി നിയോഗിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ സർക്കാരിന്റെ നിയന്ത്രണത്തിലാണ്. അടൂർ പ്രകാശ് എം.പിയെ ചോദ്യം ചെയ്യാനുള്ള എസ്.ഐ.ടി നീക്കത്തെ സംബന്ധിച്ച മാദ്ധ്യമങ്ങളുരുടെ ചോദ്യത്തിന് നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നായിരുന്നു കെ.സിയുടെ മറുപടി. കേസിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് സോണിയാഗാന്ധിയുടെ ചിത്രമുൾപ്പെടെ ഉയർത്തുന്നത്. കേസ് അട്ടിമറിക്കാനാണ് തുടക്കം മുതൽ സർക്കാർ ശ്രമിച്ചത്. എത്ര തിരിച്ചടി കിട്ടിയാലും സി.പി.എം അത് മനസിലാക്കില്ലെന്നും വേണുഗോപാൽ പറഞ്ഞു.
മത്സരിക്കണമോയെന്ന് തീരുമാനിക്കുന്നത് ദേശീയ നേതൃത്വം: മുല്ലപ്പളളി
നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോയെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കഴിഞ്ഞ തവണ മത്സരിക്കാതിരുന്നത് കെ.പി.സി.സി അദ്ധ്യക്ഷനായിരുന്നതിനാലാണ്. നിലവിൽ അത്തരം സാഹചര്യങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകസഭയിലേക്ക് മത്സരിക്കാൻ താൽപര്യമില്ലെന്ന കാര്യം മുന്നേ നേതൃത്വത്തെ അറിയിച്ചതാണ്. തിരഞ്ഞെടുപ്പിൽ ചെറുപ്പക്കാർക്കും പരിഗണന നൽകണം. തന്റെ കാലത്ത് 46 സീറ്റുകൾ സ്ത്രീകൾക്കും യുവാക്കൾക്കും നൽകി.തന്റെ സ്ഥാനാർത്ഥിത്വത്തിന് പാർട്ടി ഒരിക്കലും തടസം നിന്നിട്ടില്ല. തിരഞ്ഞെടുപ്പിൽ സീനിയർ നേതാക്കളും മത്സരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |