□ലക്ഷ്യം പാർല.തിരഞ്ഞെടുപ്പിൽ മുസ്ലിം പിന്തുണ വർദ്ധിപ്പിക്കൽ
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരായ പ്രചരണത്തിൽ പൗരത്വ
ഭേദഗതി നിയമത്തിനെതിരെ നടത്തിയ ശക്തമായ പ്രക്ഷോഭത്തിന്റെ മാതൃക
സ്വീകരിക്കാൻ സി.പി.എം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി മുന്നിൽ നിന്ന് നടത്തിയ പ്രചരണ പരിപാടി മലബാർ ജില്ലകളിലെ മുസ്ലിം മതന്യൂനപക്ഷങ്ങൾക്കിടയിൽ പാർട്ടിയുടെയും മുന്നണിയുടെയും വിശ്വാസ്യത കൂട്ടിയെന്നാണ് സി.പി.എം വിലയിരുത്തൽ. കഴിഞ്ഞ
നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റ് ലഭിച്ചതിന് പിന്നിൽ ഇതുമൊരു ഘടകമായി.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരമാവധി നേട്ടമുണ്ടാക്കാൻ വഴിയൊരുക്കുന്ന ഇടപെടലുണ്ടാവണമെന്നാണ് സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം നിർദ്ദേശിച്ചത്. കോഴിക്കോട്ടെ സെമിനാർ ഇതിന്റെ ആദ്യ പടിയാവും. പാർട്ടി മുൻകൈയിലാണെങ്കിലും പ്രചരണ പരിപാടികൾക്ക് പൊതുവേദിയുടെ സ്വഭാവം കൈവരുത്താൻ ശ്രമിക്കും. ഇതിന്റെ ഭാഗമായാണ്, വർഗീയവാദികളൊഴിച്ച് സമാന ചിന്താഗതിക്കാരെയെല്ലാം ചടങ്ങിൽ പങ്കെടുപ്പിക്കുമെന്നുള്ള പ്രഖ്യാപനം. സമസ്ത ഉൾപ്പെടെയുള്ള മുസ്ലിം മതവിഭാഗങ്ങളെ ഇതിലേക്കാകർഷിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.
കാന്തപുരം എ.പി അബൂബക്കർ മുസലിയാർ നേതൃത്വം നൽകുന്ന എ.പി സുന്നി വിഭാഗത്തിന്റെ പിന്തുണ കുറച്ചുകാലമായി ഇടതുമുന്നണിക്കും സി.പി.എമ്മിനുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ സംഭവവികാസങ്ങളിൽ മുസ്ലിംലീഗിനൊപ്പമുള്ള സമസ്ത വിഭാഗത്തിലും ലീഗിനോട് അകൽച്ച പ്രകടമായി. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള ബില്ലിനെതിരെ മുസ്ലിം സംഘടനകളുടെ
പൊതൂ പ്രക്ഷോഭത്തിന് ശ്രമിച്ച മുസ്ലിം ലീഗിന്, സമസ്തെ വിശ്വാസത്തിലെടുത്ത് മുഖ്യമന്ത്രി ചർച്ചയ്ക്കൊരുങ്ങിയത് ക്ഷീണമായി
സി.പി.എം മതവിരുദ്ധരും നിരീശ്വരവാദികളുമെന്ന് പ്രചരണം പ്രാദേശികമായി അഴിച്ചുവിട്ടാണ് മുസ്ലിം അണികളുടെ മേൽ കാലങ്ങളായി ലീഗ് നേതൃത്വം അധീശത്വമുറപ്പിച്ചിരുന്നത്.എന്നാൽ. ലീഗ് വിമതരെ അടർത്തിയെടുത്തുള്ള പരീക്ഷണം വ്യാപിപ്പിച്ച് സി.പി.എം അത് തിരുത്തിയെടുത്തു. പൗരത്വഭേദഗതി വിരുദ്ധ പ്രക്ഷോഭത്തോടെ മുസ്ലിം മേഖലയിൽ സ്വീകാര്യത കൂടി. ഒരു വിഭാഗം ലീഗണികൾക്കിടയിൽ ഇടതനുകൂല ചാഞ്ചാട്ടവും സി.പി.എം കാണുന്നു. ഇത് കൂടി മുതലെടുക്കാനാണ് ലീഗിനെ ക ടന്നാക്രമിക്കാതെ, മുസ്ലിം ജനസാമാന്യത്തിന്റെയാഗകെ വിശ്വാസ്യതയാർജിക്കാനുള്ള ശ്രമം.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മലബാർ മേഖലയിലെ ചില മണ്ഡലങ്ങളെങ്കിലും തിരിച്ചുപിടിക്കാനായില്ലെങ്കിൽ സി.പി.എമ്മിന് അത് തിരിച്ചടിയാവും. എന്നാൽ, വയനാട്ടിൽ രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സൃഷ്ടിക്കാനിടയുള്ള ഓളം മുൻകൂട്ടി കാണുന്നുമുണ്ട്. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് നിലപാടില്ലെന്ന പ്രചരണം ശക്തമാക്കുന്നത് ഇതേത്തുടർന്നാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |