
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവേ, ജനുവരി 19ന് ശബരിമല സ്വർണത്തട്ടിപ്പ് കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഹൈക്കോടതി നിലപാട് കടുപ്പിച്ചാൽ സി.പിഎമ്മിന്റെ ചങ്കിടിപ്പ് കൂടും. 19ന് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനാണ് എസ്.ഐ.ടിയോട് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി എന്തെങ്കിലും നിരീക്ഷണം നടത്തിയാൽ തിരഞ്ഞെടുപ്പ് വേളയിൽ അത് വലിയ ചർച്ചയ്ക്ക് വഴിയൊരുക്കും.
മൂന്ന് സി.പി.എം പ്രമുഖർ ഇപ്പോൾ അഴിക്കുള്ളിലാണ്. മറ്റു ചിലർ ചോദ്യം ചെയ്യലിന് വിധേയരായി. ഇനി ആരൊക്കെയാവും അന്വേഷണ സംഘത്തിന് മുന്നിലേക്ക് എത്തേണ്ടി വരികയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരായ കെ.പത്മകുമാർ, എൻ.വാസു, ബോർഡ് അംഗം എൻ.വിജയകുമാർ എന്നിവരാണ് റിമാൻഡിലുള്ളത്.
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് എന്നിവരാണ് ചോദ്യം ചെയ്യലിന് വിധേയരായവർ. ഇവരെ വീണ്ടും വിളിപ്പിക്കുമെന്നാണ് സൂചന. സി.പി.ഐ പ്രതിനിധിയായി ദേവസ്വം ബോർഡ് അംഗമായിരുന്ന കെ.പി. ശങ്കരദാസും ചോദ്യമുനയിലേക്ക് എത്തിയേക്കും.
ശബരിമല തൊട്ടാൽ പൊള്ളുന്ന വിഷയമാണെന്ന് യുവതീ പ്രവേശന വിവാദത്തെ തുടർന്നു നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് നന്നെ ബോദ്ധ്യപ്പെട്ടതാണ്. മൂന്നാം തുടർഭരണമെന്ന അസാധാരണ നേട്ടം ലക്ഷ്യം വച്ച് ഇറങ്ങുമ്പോൾ ജനങ്ങളുടെ ചോദ്യങ്ങളെ എങ്ങനെ നേരിടണമെന്നതാണ് പ്രധാന പ്രശ്നം. ആനുകൂല്യങ്ങളും വാഗ്ദാനങ്ങളും കൊണ്ട് ആളെ വശത്താക്കാമെന്ന തന്ത്രം പണ്ടേപ്പോലെ ഫലിക്കില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടു. ഇതിന് ബദൽ തന്ത്രം മെനയേണ്ടിവരും.
മുഖ്യമന്ത്രിയെ മുന്നിൽ
നിറുത്തി പോരാട്ടം
സ്വർണക്കൊള്ളക്കേസിൽ മറ്റേതെങ്കിലും നേതാക്കളിലേക്കുകൂടി അന്വേഷണം എത്തുകയും അവർ അഴിയെണ്ണുകയും ചെയ്യുന്ന സ്ഥിതി വന്നാൽ സി.പി.എമ്മിനും എൽ.ഡി.എഫിനും അത് കടക്കാൻ പറ്റാത്ത കടമ്പയാവും. ഹൈക്കോടതിയാവട്ടെ വടിയെടുത്ത് കർക്കശ നിലപാടിൽ നിൽക്കുകയുമാണ്. ഇവിടെയാണ് മുന്നിൽ നിന്നു നയിക്കാൻ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ എന്ന പോരാട്ട തന്ത്രം സി.പി.എം കൊണ്ടുവരുന്നത്. ഇക്കാര്യത്തിൽ സംഘടനാപരമായി തീരുമാനമായില്ലെങ്കിലും മുതിർന്ന നേതാക്കളിലൂടെ ഇത് ഇപ്പോഴേ ജനങ്ങളിലേക്ക് എത്തിക്കുന്നത് ശബരിമല വിഷയത്തിന്റെ ഗൗരവം മനസിലാക്കിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |