
ന്യൂഡൽഹി: സി.പി.എമ്മിന്റെ മൂന്നുദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗം 26 മുതൽ തിരുവനന്തപുരത്ത് നടക്കും. ഡൽഹിയിലെ അതിശൈത്യം കണക്കിലെടുത്താണ് യോഗം തിരുവനന്തപുരത്ത് നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും വിജയസാദ്ധ്യതയുള്ള നേതാക്കൾക്കും രണ്ട് ടേം നിബന്ധനയിൽ ഇളവു നൽകുന്നതിൽ കേന്ദ്രകമ്മിറ്റി തീരുമാനമെടുത്തേക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും ശബരിമല സ്വർണക്കൊള്ള അടക്കം വിഷയങ്ങളും ചർച്ചയാകും.
ഇടതുമുന്നണി
യോഗം ഇന്ന്
തിരുവനന്തപുരം: തദ്ദേശ ഫലം വിലയിരുത്താനുള്ള ഇടതുമുന്നണി യോഗം ഇന്ന്. ഘടകകക്ഷികളോട് വിശദ അവലോകനത്തിന് നേതൃത്വം നിർദ്ദേശിച്ചിരുന്നു. എല്ലാ പാർട്ടികളുടെയും വിലയിരുത്തൽ ഇന്ന് അവതരിപ്പിക്കും. ഇന്നത്തെ യോഗത്തോടെ തദ്ദേശ അവലോകനം അവസാനിപ്പിച്ച് നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലേക്ക് കടക്കും.
തദ്ദേശ പരാജയകാരണം സംബന്ധിച്ച് ഘടകകക്ഷികൾ വിവിധ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഭരണവിരുദ്ധ വികാരം, ശബരിമല സ്വർണ്ണക്കൊള്ള, ന്യൂനപക്ഷങ്ങളുടെ ഏകീകരണം എന്നിങ്ങനെ വിലയിരുത്തലുകളാണ് ഉയർന്നത്. ഭരണവിരുദ്ധ വികാരം സി.പി.എം തള്ളിയിരുന്നു. വീഴ്ച പരിശോധിച്ച് തിരുത്തുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. അതേസമയം, ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയും തിരിച്ചടിച്ചെന്ന് സി.പി.ഐ വിലയിരുത്തി. ഇന്നും സി.പി.ഐ അതേ അഭിപ്രായം പ്രകടിപ്പിക്കാനാണ് സാദ്ധ്യത.
തദ്ദേശം മാറ്റിവച്ച് നിയമസഭ
തിരഞ്ഞെടുപ്പിന് സി.പി.ഐ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തിരിച്ചടി ഇഴ കീറി പരിശോധിക്കേണ്ടെന്നും നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനും സി.പി.ഐ സെക്രട്ടേറിയറ്റിൽ തീരുമാനം. തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ വെള്ളാപ്പള്ളി നടേശനുമായുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കാനും സി.പി.ഐ തീരുമാനിച്ചു. അതുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണങ്ങളിലേക്ക് നേതാക്കൾ കടക്കരുതെന്നും നേതൃത്വം നിർദ്ദേശിച്ചു.
മുഖ്യമന്ത്രിയുടെ മിഷൻ 110ൽ സി.പി.ഐ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. വീഴ്ച വിലയിരുത്തി തിരുത്തേണ്ടത് തിരുത്തും. കോൺഗ്രസിന് ഇപ്പോൾ എല്ലാ കനഗോലുവാണെന്നും അതെല്ലാം പാഴ്കിനാവാകുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. മണ്ഡലം കമ്മിറ്റികൾ ചേർന്ന് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ തീരുമാനിച്ചു. സ്ഥാനാർത്ഥി നിർണയമുൾപ്പെടെയുള്ള കാര്യങ്ങൾ വീണ്ടും കൂടി ചർച്ച ചെയ്യും. ഇന്ന് കൂടുന്ന സി.പി.ഐ എക്സിക്യൂട്ടീവിൽ തുടർചർച്ചകൾ ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |