
തിരുവനന്തപുരം: കേരള നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആർ.വി. ആർലേക്കറുടെ കത്രിക പ്രയോഗം വിവാദമായി. ഗവർണർ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി പിണറായി വിജയൻ വായിക്കുകയും കൂട്ടിച്ചേർത്ത ഭാഗം ഒഴിവാക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനായി പ്രമേയവും പാസാക്കി. കേരള നിയമ സഭയുടെ ചരിത്രത്തിലെ ആദ്യ സംഭവമാണിത്.
തമിഴ്നാട് നിയമസഭയും ഇന്നലെ സർക്കാർ-ഗവർണർ പോരിന് വേദിയായി. ആരംഭത്തിൽ ദേശീയ ഗാനം ആലപിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ ഗവർണർ ആർ.എൻ. രവി നയപ്രഖ്യാപന പ്രസംഗം വായിക്കാതെ സഭ ബഹിഷ്കരിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഗവർണർക്കെതിരെ പ്രമേയം അവതരിപ്പിച്ചു.
ഗവർണറെ യാത്രയയച്ചശേഷമായിരുന്നു കേരള നിയമസഭയിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ. യുക്തമായ ഭേദഗതിക്ക് സർക്കാർ സമ്മതിച്ചിരുന്നതായി
ലോക് ഭവൻ വിശദീകരണക്കുറിപ്പും ഇറക്കി. മുൻകാലങ്ങളിൽ ഗവർണർമാർ എന്തെങ്കിലും ഒഴിവാക്കിയാൽ സർക്കാർ വിമർശിച്ചിരുന്നത് നന്ദി പ്രമേയചർച്ച നടക്കുമ്പോഴാണ്. നന്ദിപ്രമേയ ചർച്ച നാളെ ആരംഭിക്കും
ഗവർണർ ഒഴിവാക്കിയവ
1.ഖണ്ഡിക 12ലെ 'ധനകാര്യ ഫെഡറലിസത്തിന്റെ ഭരണഘടനാപരമായ തത്വങ്ങളെ ദുർബലപ്പെടുത്തുന്ന യൂണിയൻ ഗവൺമെന്റിന്റെ തുടർച്ചയായ പ്രതികൂല നടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിട്ടുകൊണ്ടിരിക്കുകയാണ്.'' എന്ന വാചകം
2. ഖണ്ഡിക 15 ലെ ' നിയമസഭകൾ പാസാക്കിയ ബില്ലുകൾ ദീർഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളിൽ എന്റെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും അവ ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്തിരിക്കുകയുമാണ്. ''എന്ന വാചകം.
കൂട്ടിച്ചേർത്തത്
ഖണ്ഡിക 16ലെ 'നികുതി വിഹിതവും ധനകാര്യ കമ്മിഷൻ ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാകുന്നു; ഔദാര്യമല്ല. ഈ ചുമതല ഏൽപ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങൾക്ക് മേലുള്ള ഏതൊരു സമ്മർദ്ദവും ഫെഡറൽ തത്വങ്ങളെ ദുർബ്ബലപ്പെടുത്തുന്നതാണ്.''-ഇതിനോടൊപ്പം 'എന്റെ സർക്കാർ കരുതുന്നു'' എന്ന് കൂട്ടിച്ചേർത്തു.
'ആടിന് താടിയും തമിഴ്നാടിന് ഗവർണറും വേണ്ട
തമിഴ്നാട് ഗവർണർ ആർ.എൻ. രവി ഇതു നാലാം തവണയാണ് സഭ ബഹിഷ്കരിക്കുന്നത്. നയപ്രഖ്യാപനം വായിക്കുന്നതിനു മുമ്പ് ദേശീയ ഗാനം ആലപിക്കാൻ ഇന്നലെയും ആവശ്യപ്പെട്ടു. 'തമിഴ് തായ് വാഴ്ത്ത്' ആദ്യവും ദേശീയ ഗാനം അവസാനവും ആലപിക്കുന്നതാണ് രീതിയെന്ന് സ്പീക്കർ എം. അപ്പാവു അറിയിച്ചു. ഇതിൽ ക്ഷുഭിതനായി സഭ വിടുകയായിരുന്നു. 'ആടിന് താടിയും തമിഴ്നാടിന് ഗവർണറും ആവശ്യമില്ലെ'ന്ന് പ്രസംഗത്തിനിടെ സ്റ്റാലിൻ ചൂണ്ടിക്കാട്ടി. മുൻ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരൈയുടെ പരാമർശമാണ് സ്റ്റാലിൻ ഓർമ്മിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |