കോഴിക്കോട്: കോർപ്പറേഷൻ വോട്ടർ പട്ടികയിലെ കൂടുതൽ ക്രമക്കേടുകൾ പുറത്തുവിട്ട് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി. മാറാട് ഡിവിഷനിലെ 49/49 നമ്പർ വീട്ടിൽ 327 വോട്ടർമാരുണ്ട്. വർഷങ്ങളായി ബേപ്പൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ മാറാട് ശാഖയാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള ബാങ്കിന്റെ കെട്ടിടനമ്പർ ഉപയോഗിച്ചാണ് തിരിമറി
വോട്ടർ പട്ടികയിൽ 70 വോട്ടർമാരുള്ള മൂന്നാലിങ്കൽ ഡിവിഷനിലെ ഒരു കെട്ടിടം പരിശോധിച്ചപ്പോൾ അങ്ങനെയൊരു കെട്ടിടമില്ലെന്ന് വ്യക്തമായി.കോഴിക്കോട് കോർപ്പറേഷൻ 59 -ാം ഡിവിഷനിലെ പട്ടികയിൽ റെയിൽവെ കോളനിയെന്ന പേരിൽ വ്യത്യസ്ത ക്രമ നമ്പറുകളിലായി വോട്ടുണ്ട്. വർഷങ്ങളായി ഈ വിലാസത്തിൽ താമസക്കാരില്ല.വോട്ടറുടെ പേര്, രക്ഷിതാവിന്റെ പേര്, വീട്ടു പേര് എന്നിവ രണ്ട് തവണ ആവർത്തിച്ചുള്ള 1408 വോട്ടുകളുണ്ട്. ഒരേ ഡിവിഷനിലെ ഒരു ബൂത്തിൽ 480 വോട്ട് ആവർത്തിച്ചു, ഒരേ വോട്ടർ ഐ.ഡി യിൽ ഒന്നിലധികം വോട്ടുള്ള നിരവധി ഐ.ഡി കാർഡ് നമ്പറുകളുണ്ട്.ഇത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും, കോർപ്പറേഷൻ സെക്രട്ടറിക്കും ലീഗ് പരാതി നൽകിയിട്ടുണ്ടെന്ന് എം.കെ മുനീർ എം.എൽ.എ പറഞ്ഞു.
സി.പി.എം നേതാക്കളും, ഉദ്യോഗസ്ഥരും നടത്തിയ ആസൂത്രിതമായ ഗൂഢാലോചനയാണ് ഇത്ര വലിയ ക്രമക്കേട് വരാൻ കാരണം. ഇതിന് സൗകര്യം ചെയ്ത് കൊടുത്ത ഉദ്യോഗസ്ഥൻമാരെ പിരിച്ച് വിട്ട് ക്രിമിനൽ കേസെടുക്കണം. വാർത്താ സമ്മേളനത്തിൽ ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ്, ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ, എൻ.സി അബൂബക്കർ, എസ്.വി ഹസ്സൻകോയ, എ.വി അൻവർ, എം. കുഞ്ഞാമുട്ടി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |