തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ചയ്ക്ക് ജനം സജ്ജരായി എന്ന് വ്യക്തമാക്കുന്ന തിരഞ്ഞെടുപ്പായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മാറുമെന്ന് എം. സ്വരാജ്. നിലമ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം കേരളകൗമുദിയോട് സ്വരാജ് സംസാരിക്കുന്നു.
?എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയോ
വൈകിയിട്ടില്ല. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അനുസരിച്ച് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിന് മുൻപ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ മതി. 30ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. ഞാൻ മത്സരിക്കനാണ് പ്രതിപക്ഷം ആഗ്രഹിച്ചത്. അവർക്കും നന്ദി.
?നിലമ്പൂരിൽ ഇടതുപക്ഷത്തിന്റെ വിജയ സാദ്ധ്യത
വിജയ സാദ്ധ്യതയുള്ള അന്തരീക്ഷമാണ്. ജനങ്ങൾ ഭരണതുടർച്ച ആഗ്രഹിക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും ചുമതലയൊഴിഞ്ഞ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. എൽ.ഡി.എഫ് സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഈ തിരഞ്ഞെടുപ്പും മാറും.
?യു.ഡി.എഫുമായി തെറ്റി അൻവർ മത്സരത്തിനിറങ്ങിയാലോ
തിരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാം. അതിനെ നിഷേധിക്കാനാവില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കുന്ന കാര്യമല്ലയിത്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് നാടിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് മുന്നോട്ടു പോകും.
?തുടർഭരണം കിട്ടിയ ഒരു സർക്കാരിന്റെ അവസാന ഘട്ടത്തിലെ ഉപതിരഞ്ഞെടുപ്പ് എങ്ങനെ വിലയിരുത്തപ്പെടും
ഉറപ്പായും സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടും. സർക്കാർ നടത്തിയിട്ടുള്ള വികസന,ജനക്ഷേമ പ്രവർത്തനങ്ങളാണ് പ്രധാനം. അതെല്ലാം ഇപ്പോൾ തന്നെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. രാഷ്ട്രീയത്തിന് അതീതമായി അക്കാര്യങ്ങളിൽ ജനങ്ങൾ അഭിപ്രായവും പ്രകടിപ്പിക്കുന്നുണ്ട്.
?യു.ഡി.എഫിലെ പ്രശ്നങ്ങൾ
അക്കാര്യം ഞങ്ങൾ ചർച്ച ചെയ്യുന്നില്ല. മഴവിൽ സഖ്യമൊക്കെ കാണുന്നുണ്ടല്ലോ. കാത്തിരുന്നു കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |