തിരുവനന്തപുരം:സോളാർ വൈദ്യുതി ചട്ടങ്ങളിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ കൊണ്ടുവരാൻ ആലോചിക്കുന്ന രണ്ട് മാറ്റങ്ങൾ പുരപ്പുറ സോളാർ ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും.
പുതിയ ചട്ടം വന്നാൽ സോളാർ ഉപഭോക്താക്കൾ പകൽ സമയം ഉൽപാദിപ്പിച്ച് കെ.എസ്.ഇ.ബി. ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് പകരം ഗ്രിഡിൽ നിന്ന് വൈദ്യുതി തിരിച്ചെടുക്കുന്നതിന് ഒരു ദിവസത്തെ മൂന്നായി തരം തിരിച്ച് വ്യവസ്ഥ കൊണ്ടുവരും. അതോടെ വൈകിട്ട് 6 മുതൽ രാത്രി 10വരെയുള്ള സമയങ്ങളിൽ 67ശതമാനവും രാത്രി 10 മുതൽ രാവിലെ 6വരെയുള്ള സമയത്ത് 85ശതമാനവും മാത്രമാണ് തിരിച്ചെടുക്കാനാകുക.അതിൽ കൂടുതലുള്ള ഉപയോഗത്തിന് നിലവിലെ ഗാർഹികവൈദ്യുതി താരിഫ് പ്രകാരമുള്ള വില നൽകേണ്ടിവരും.
ഇതുമൂലം മൂന്ന് കിലോവാട്ട് സോളാർ പ്ലാന്റ് സ്ഥാപിച്ച് ദിവസം ശരാശരി നാല് യൂണിറ്റ് ഉൽപാദിപ്പിക്കുന്നവർക്ക് 177രൂപയും 4കിലോവാട്ട് പ്ളാന്റിന് 254രൂപയും 5കിലോവാട്ട് പ്ളാന്റിന് 329രൂപയും 10കിലോവാട്ട് പ്ളാന്റിന് 801രൂപയും 20കിലോവാട്ട് പ്ളാന്റിന് 2694രൂപയും കൂടുതൽ തുക വൈദ്യുതി ബില്ലിൽ നൽകേണ്ടിവരും.
നിലവിൽ പകൽ സോളാറിലൂടെ ഉൽപാദിപ്പിച്ച് കെ.എസ്.ഇ.ബി.ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് തുല്യമായ തുക ഉപാധികളില്ലാതെ തിരിച്ചെടുക്കാനാകും.ഇത് കൂടാതെ ഓരോമാസവും കെ.എസ്.ഇ.ബി.ക്ക് നൽകുന്ന വൈദ്യുതിയും കെ.എസ്.ഇ.ബി.യിൽ നിന്ന് എടുക്കുന്ന വൈദ്യുതിയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി വൈദ്യുതി ബിൽ കണക്കാക്കി തുക കൈമാറുന്നതിനുള്ള കാലാവധി ഒരുമാസമായി ചുരുക്കി. നിലവിൽ അത് ഒരുവർഷമായിരുന്നു. അതായത് ഒരുവർഷം വരെ ബാങ്കിംഗ് ചെയ്യാമെന്ന സംവിധാനവും ഇല്ലാതാകും.ഇത് ഉപഭോക്താവിന് നഷ്ടമുണ്ടാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |