തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഉപകരണക്ഷാമത്തെ കുറിച്ച് പറഞ്ഞതിന്, കാരണം കാണിക്കൽ നോട്ടീസ് നൽകിയത് തനിക്കെതിരെയുള്ള പ്രതികാര നടപടിയാണെന്ന് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
താൻ പറഞ്ഞത് കള്ളമാണെന്നാണ് നോട്ടീസിൽ പറയുന്നത്. ശസ്ത്രക്രിയ മുടക്കി എന്നുള്ള ആരോപണം കള്ളമാണ്. എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി വിദഗ്ദ്ധ സമിതിക്ക് നൽകിയതാണ്. സമിതി റിപ്പോർട്ട് താൻ കണ്ടിട്ടില്ല. ഒന്നുകിൽ റിപ്പോർട്ട് വ്യാജമാകാം. അല്ലെങ്കിൽ അത് വിശകലനം ചെയ്തിരിക്കുന്നത് തെറ്റാകാം. ആശുപത്രിയിൽ ഉപകരണമില്ലെന്ന കാര്യം അവർക്ക് അറിയാം. പരിഹരിക്കാൻ നടപടിയില്ലെന്നും അവർക്കറിയാം.
ഉപകരണ ക്ഷാമം ഇപ്പോഴുമുണ്ട്. ഇ.എസ്.എൽ.ഡബ്ല്യു എന്ന ഉപകരണം കഴിഞ്ഞ രണ്ട് വർഷമായി ആശുപത്രിയിൽ ഇല്ല. നാലായിരം രോഗികൾക്കായി അത് ഉപയോഗിച്ചിരുന്നു. ഇപ്പോൾ അതിന്റെ പിന്നാലെ ഓടുകയാണെന്നും പറഞ്ഞു.
നോട്ടീസിലെ ചോദ്യങ്ങളും
ഹാരിസിന്റെ മറുപടിയും
ആരോപണം ഉന്നയിച്ച ജൂൺ 28ന് ശസ്ത്രക്രിയ എങ്ങനെ നടന്നു?
വകുപ്പിലെ മറ്റൊരു ഡോക്ടറുടെ കൈവശമുണ്ടായിരുന്ന പ്രോബ് ഉപയോഗിച്ചാണ് നടത്തിയത്. അത് ആശുപത്രിയുടെ സാമഗ്രിയല്ല.
സോഷ്യൽ മീഡിയയിലൂടെ എന്തിന് ആരോപണമുന്നയിച്ചു?
സോഷ്യൽ മീഡിയയിൽ എഴുതിയത് ചട്ടലംഘനമാണ്. വേറെ വഴിയില്ലാത്തതിനാലാണ് ഫേസ്ബുക്കിൽ എഴുതിയത്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ്. എന്ത് നടപടിയുണ്ടായാലും നേരിടും. ഒളിച്ചോടുന്നില്ല.
സർക്കാരിനെ പൊതുസമൂഹത്തിൽ എന്തിന് അപകീർത്തിപ്പെടുത്തി?
സർക്കാരിനോ മന്ത്രിക്കോ എതിരായല്ല കാര്യങ്ങൾ പറഞ്ഞത്. ബ്യൂറോക്രസിയുടെ നൂലാമാലകൾ സൃഷ്ടിക്കുന്ന പ്രതിസന്ധിയാണ് ചൂണ്ടിക്കാട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |