ആലപ്പുഴ: പങ്കാളിത്ത പെൻഷന്റെ സ്ഥാനത്ത് സുസ്ഥിര പെൻഷൻ സ്കീമാണ് ആലോചിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. മെഡിസെപ് ശക്തിപ്പെടുത്തി തുടരും. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ധനകാര്യ ഫെഡറലിസവും സിവിൽ സർവീസുമെന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മെഡിസെപിന്റെ തുക കൂട്ടി കൂടുതൽ രോഗങ്ങൾക്ക് കവറേജാണ് ലക്ഷ്യം. ഇക്കാര്യത്തിൽ സംഘടനകളുമായി സംസാരിക്കും. പങ്കാളിത്ത പെൻഷന്റെ കാര്യത്തിൽ ധനകാര്യ മന്ത്രി, നിയമമന്ത്രി, ചീഫ് സെക്രട്ടറി എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ഇടതുപക്ഷ സർക്കാരിന് തീരെ ഇടതുസ്വഭാവമില്ലെന്നൊക്കെ ചില സഹോദരങ്ങൾ പരിഭവം പറയുന്നുണ്ട്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും കർഷകസംഘം സെക്രട്ടറിയുമായിരുന്നപ്പോൾ പറയുന്നതുപോലെ ഇപ്പോൾ പറയാൻ കഴിയാത്ത സാഹചര്യമെന്തെന്ന് അവർ മനസിലാക്കണം. കേന്ദ്രത്തിന്റെ കടുംപിടിത്തത്തിനും സാമ്പത്തിക ഉപരോധത്തിനും മുന്നിൽ ഞാണിൻമേൽക്കളിച്ചാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.
യൂണിയൻ ജനറൽ സെക്രട്ടറി എം.എ.അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. എം.വി.ശശിധരൻ, എ.ശ്രീകുമാർ, കെ.പി.സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. വനിത സെമിനാർ ജനാധിപത്യ മഹിള അസോസിയേഷൻ വൈസ് പ്രസിഡന്റ് യു.വാസുകി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |