തൃശൂർ: ഇരിങ്ങാലക്കുടയിൽ ഭർതൃഗൃഹത്തിൽ 23കാരി ഫസീല ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. ഭർത്താവ് നൗഫലും (29) ഭർതൃമാതാവ് റംലത്തുമാണ് (55) അറസ്റ്റിലായത്. രണ്ടാമത് ഗർഭിണിയായതിന്റെ പേരിൽ യുവതിയെ ഇവർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. യുവതിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അടിവയറ്റിൽ ചവിട്ടേറ്റ പാടുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
യുവതി മരിക്കുന്നതിന് മുൻപ് കുടുംബത്തിനയച്ച സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. നൗഫലിനും മാതാവിനുമെതിരെ ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണക്കുറ്റം എന്നിവയടക്കമുളള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫസീലയും ഭർത്താവും ഭർതൃമാതാവും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനിടയിലാണ് ഭർത്താവ് യുവതിയെ ഉപദ്രവിച്ചത്. ഇതിൽ മനംനൊന്താണ് യുവതി വീടിന്റെ ടെറസിലെത്തി തൂങ്ങിമരിച്ചത്.
ഇതുകണ്ട നൗഫലും മാതാവും ഫസീലയെ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ വിവരം നൗഫൽ ഫസീലയുടെ കുടുംബത്തെ അറിയിച്ചിരുന്നില്ല. തുടർന്ന് യുവതിയുടെ കുടുംബം നൗഫലിനും കുടുംബത്തിനുമെതിരെ പരാതി നൽകുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഗർഭിണിയായ തന്നെ വയറ്റിൽ ചവിട്ടിയെന്നും നിരന്തരം മർദിക്കുമായിരുന്നു എന്നുമാണ് ഫസീല ഉമ്മയ്‌ക്കയച്ച വാട്‌സാപ്പ് സന്ദേശത്തിൽ പറയുന്നത്. ഭർതൃമാതാവ് തെറി വിളിച്ചുവെന്നും അവർ തന്നെ കൊല്ലുമെന്നും ഫസീല പറയുന്നുണ്ട്. ആത്മഹത്യയ്‌ക്ക് പിന്നാലെ പൊലീസിൽ പരാതി നൽകിയ ഫസീലയുടെ കുടുംബത്തോട് നൗഫലിന്റെ വീട്ടുകാർ വളരെ മോശമായാണ് സംസാരിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.
ഫസീലയുടെ വിവാഹം കഴിഞ്ഞ് ഒരു വർഷവും ഒമ്പത് മാസവുമേ ആയിട്ടുള്ളു. ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ട്. യുവതി രണ്ടാമതും ഗർഭിണിയായിരുന്നു എന്ന വിവരം മരിക്കാൻ പോകുന്നുവെന്ന സന്ദേശം വന്നപ്പോഴാണ് വീട്ടുകാർ അറിഞ്ഞത്. കൊടുങ്ങല്ലൂർ കോതപറമ്പിൽ വാടകയ്‌ക്ക് താമസിക്കുന്ന പതിയാശേരി സ്വദേശി കാട്ടുപറമ്പിൽ അബ്‌ദുൾ റഷീദിന്റെയും സെക്കീനയുടെയും മകളാണ് ഫസീല. മകൻ - മുഹമ്മദ് സെയാൻ (ഒമ്പത് മാസം).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |