കൊച്ചി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജാണ് (42) മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. മുളന്തുരുത്തി പാലസ് സ്‌ക്വയറിലുളള ജിമ്മിൽ സംഭവസമയം ആരുമുണ്ടായിരുന്നില്ല. ഇവിടെ രാജ് ഇടയ്ക്കിടയ്ക്ക് വ്യായാമം ചെയ്യുന്നതിനായി എത്തുമായിരുന്നു,
സാധാരണയായി രാവിലെ ആറ് മണിയോടെയാണ് രാജ് ജിമ്മിൽ എത്താറുള്ളത്. എന്നാൽ മറ്റാവശ്യങ്ങൾ ഉള്ളതിനാൽ ഇന്ന് രാവിലെ എത്തി ജിം തുറന്ന് വ്യായാമം ചെയ്യുകയായിരുന്നു. ഇതിനിടയിൽ 5.26ഓടെ രാജ് ജിമ്മിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മരിക്കുന്നതിന് മുൻപായി യുവാവ് നെഞ്ചിൽ കൈകൾ അമര്‍ത്തിക്കൊണ്ട് കുറച്ചുസമയം നടക്കുന്നതും പിന്നീട് ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു മിനിറ്റോളം ഇരുന്ന ശേഷം താഴേക്കു കുഴഞ്ഞു വീഴുകയായിരുന്നു.
ഏകദേശം 20 മിനിറ്റോളം തറയിൽ കിടന്ന രാജിനെ പിന്നാലെ ജിമ്മിലെത്തിയവരാണ് കണ്ടത്. ഉടൻ സിപിആർ നൽകി ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജിന്റെ വീട്ടിൽ നിന്ന് ജിമ്മിലേക്ക് ഒന്നര കിലോമീറ്ററോളം ദൂരം മാത്രമേയുള്ളൂ. ചാലപ്പുറം ഏബ്രഹാം, ഗ്രേസി എന്നിവരാണ് രാജിന്റെ മാതാപിതാക്കൾ. ഭാര്യ ലിജി വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ്. മുളന്തുരുത്തിയിൽ രാജ് നേരത്തെ മെഡിക്കൽ സ്റ്റോർ നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |