വൈപ്പിന്‍: 52 ദിവസത്തെ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി 12ന് അവസാനിക്കും. ഈ സമയംതന്നെ ഫിഷിംഗ് ബോട്ടുകള്‍ പ്രതീക്ഷയോടെ കടലിലേക്ക് ഇറങ്ങും. മുനമ്പം, വൈപ്പിന്‍ ഹാര്‍ബറുകളിലായി എഴുന്നൂറോളം ബോട്ടുകളാണ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കാത്തിരിക്കുന്നത്. മത്സ്യ പ്രജനനകാലമായ 52 ദിവസത്തെ ട്രോളിംഗ് നിരോധന സമയത്ത് വള്ളങ്ങള്‍ മാത്രമാണ് കടലിലേക്ക് പോയിരുന്നത്.
നിരോധന കാലയളവില്‍ ബോട്ടുകള്‍ എല്ലാം അറ്റകുറ്റപ്പണിയിലായിരുന്നു. മറൈന്‍ വര്‍ക്ക് ഷോപ്പുകളിലെല്ലാം ഏറെ തിരക്കായിരുന്നു. ബോട്ടുകളുടെ പെയിന്റിംഗ് ജോലികളും നടന്നുകഴിഞ്ഞു. വലകളുടെ കേടുപാടുകള്‍ തീര്‍ത്തും പുതിയ വലകള്‍ വാങ്ങിയും ബോട്ടുകള്‍ തയ്യാറായിക്കഴിഞ്ഞു. മുനമ്പം, വൈപ്പിന്‍ മേഖലകളിലെ മറൈന്‍ പമ്പുകളിലെല്ലാം ബോട്ടുകള്‍ ഡീസല്‍ നിറക്കുന്നതിന് ഊഴം കാത്ത് കിടക്കുകയാണ്. ഐസ് പ്ലാന്റുകളില്‍ നിന്ന് ഐസ് ബ്ലോക്കുകളും കയറ്റി തുടങ്ങി.
ട്രോളിംഗ് നിരോധനം വന്നതോടെ നാട്ടിലേക്ക് മടങ്ങിയിരുന്ന അന്യസംസ്ഥാന ബോട്ട് തൊഴിലാളികളെല്ലാം തിരിച്ചെത്തിക്കഴിഞ്ഞു. ബോട്ട് തൊഴിലാളികളില്‍ നാട്ടുകാരെക്കാള്‍ ഏറെ അന്യസംസ്ഥാനക്കാരാണ്. മുന്‍പ് കന്യാകുമാരിയിലെ കുളച്ചല്‍ സ്വദേശികളാണ് കൂടുതലായും ഉണ്ടായിരുന്നതെങ്കില്‍ കുറച്ച് വര്‍ഷങ്ങളായി യു.പി, ബീഹാര്‍, ആസാം, പശ്ചിമബംഗാള്‍ സ്വദേശികളും മത്സ്യബന്ധന രംഗത്ത് വ്യാപകമാണ്. ഇവരെല്ലാം പൊലീസ് സ്റ്റേഷനുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതൊക്കെയാണെങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ട്രോളിംഗ് നിരോധനത്തിന് ശേഷം മത്സ്യമേഖലയ്ക്ക് ആവേശം കുറവാണ്. കഴിഞ്ഞ സീസണില്‍ ഈ രംഗത്തുള്ളവര്‍ക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്നു. അവരില്‍ പലരും ഇത്തവണ ബോട്ട് പണികള്‍ നടത്തിയിട്ടില്ല. അതിനാല്‍ മുഴുവന്‍ ബോട്ടുകളും കടലില്‍ ഇറങ്ങാനുള്ള സാദ്ധ്യത കുറവാണ്.
സീസണ്‍ ആരംഭിക്കുമ്പോള്‍ കിളിമീന്‍, കണവ, ഉലുവാളി, തിരിയാന്‍ ഇനങ്ങളില്‍പ്പെട്ട മീനുകളാണ് പ്രതീക്ഷിക്കുന്നത്. ഇവയില്‍ കിളിമീനും കണവക്കുമാണ് ഡിമാന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |