
തിരുവനന്തപുരം: വി.സി നിയമനത്തിൽ ഗവർണറുമായി സമവായമുണ്ടാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ലോക്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകിട്ടാണ് മുഖ്യമന്ത്രി എത്തിയത്. ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും ക്ലിഫ് ഹൗസിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാനാണ് മുഖ്യമന്ത്രി എത്തിയതെന്നാണ് വിവരം. കൂടിക്കാഴ്ച 15 മിനിട്ട് നീണ്ടുനിന്നു.
സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വി.സി നിയമനത്തിന് ഒറ്റപേര് വീതം സമർപ്പിക്കാൻ ജസ്റ്റിസ് സുധാൻഷു ദുലിയ കമ്മിറ്റിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. 16ന് പേരുകൾ നൽകാനാണ് ഉത്തരവ്. 17ന് കോടതി നിയമന ഉത്തരവ് പുറപ്പെടുവിക്കും. പേരുകളിൽ സമവായമുണ്ടാക്കാൻ മന്ത്രിമാരായ പി.രാജീവും ആർ.ബിന്ദുവും കഴിഞ്ഞ ദിവസം ഗവർണറെ കണ്ടെങ്കിലും അനുനയം സാദ്ധ്യമായില്ല. മുഖ്യമന്ത്രി എവിടെയെന്നായിരുന്നു ഗവർണർ ചോദിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കിൽ വടക്കൻ ജില്ലകളിലായിരുന്നു അന്ന് മുഖ്യമന്ത്രി. സുപ്രീംകോടതിക്ക് പേരുകൾ നൽകും മുമ്പ് അന്തിമ സമവായ ശ്രമത്തിനായാണ് മുഖ്യമന്ത്രി എത്തിയതെന്നാണ് വിവരം. ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ പ്രൊഫ. സിസ തോമസിനെ വി.സി ആക്കണമെന്ന ഗവർണറുടെ അഭിപ്രായം സർക്കാർ തള്ളിയതാണ് ചൊടുപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |