തിരുവനന്തപുരം: ഭരണതുടർച്ച സ്വപ്നം കാണുകയും വാഴ്ത്തിപ്പാടുകയും ചെയ്ത ഇടതുപക്ഷത്തെ നിലംപരിശാക്കി നിലമ്പൂർ. കക്ഷി രാഷ്ട്രീയത്തിന്റെ ഗണിതത്തിനപ്പുറം ഭരണത്തിന് കയ്പേറുന്നുവെന്ന് വോട്ടർമാർ പാേളിംഗ് ബൂത്തിൽ അടയാളമിട്ടപ്പോൾ അതിൽ തെളിഞ്ഞത് ആര്യാടൻ ഷൗക്കത്തിന്റെ വിജയം. ഇടതിനോട് പിണങ്ങിപ്പിരിഞ്ഞ പി.വി.അൻവർ, മണ്ഡലത്തിലെ തന്റെ സ്വാധീനം രണ്ട് മുന്നണികളെയും ബോദ്ധ്യപ്പെടുത്തി.
അൻവറിനോട് സന്ധി ചെയ്യാത്തതിന്റെ പേരിൽ യു.ഡി.എഫ് ക്യാമ്പിൽ നിന്നു ഉയർന്ന വിമർശനം അവഗണിച്ച് തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ച വി.ഡി.സതീശന് കരുത്തു കൂടി. എല്ലാത്തിനുമുപരി മുസ്ലീം ലീഗിന്റെ പരിധിയില്ലാത്ത പരിശ്രമം യു.ഡി.എഫ് വിജയത്തിന് ആണിക്കല്ലായി.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ഇടതു പക്ഷത്തിന് മുന്നിലെത്താനായില്ല. ഇടത് ആധിപത്യ മേഖലകളിൽ പോലും എം.സ്വരാജിന് കാലിടറിയതിനാൽ, വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചൂണ്ടുപലകയെന്ന വിലയിരുത്തലുമുണ്ട്.
കണക്കുകളുടെ പിൻബലം വച്ചു നോക്കിയാൽ നിലമ്പൂർ യു.ഡി.എഫിനെ സ്നേഹിക്കുന്ന മണ്ഡലമാണ്.പക്ഷെ ഇടതു സഹയാത്രികനായി നിന്ന പി.വി.അൻവറിലൂടെയാണ് കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ നിലമ്പൂർ എൽ.ഡി.എഫ് സ്വന്തമാക്കിയത്. ഇപ്പോഴത്തെ ഇടതു സർക്കാർ വന്നശേഷം നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് വിജയിച്ചെങ്കിലും എൽഡി.എഫിന് കക്ഷത്തിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ, നാലാമത്തേതിൽ നഷ്ടക്കച്ചവടമായി. മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ ആരോപണമുന്നയിച്ച അൻവർ 19,000 ത്തിലധികം വോട്ടു നേടിയപ്പോൾ ഇടതുപക്ഷത്തിന് നൽകുന്ന ചുട്ട മറുപടിയായി അത്. അൻവറിന്റെ മുഖ്യ ശത്രുവായ ആര്യാടൻ ഷൗക്കത്ത് അഭിമാനകരമായ ഭൂരിപക്ഷത്തിൽ ജയിച്ചതിനാൽ യു.ഡി.എഫിനോടും ലീഗിനോടുമുള്ള അൻവറിന്റെ ഓലപ്പാമ്പുകളി വിജയിച്ചില്ലെന്നും കരുതാം. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും വ്യക്തിപരമായി ആക്രമിച്ച അൻവറിന് ലഭിച്ച വോട്ടുകൾ അദ്ദേഹം ഏതെങ്കിലും മുന്നണിയിലായിരുന്നെങ്കിൽ ഫലത്തെ നിർണായകമായി സ്വാധീനിക്കുമെന്ന് വ്യക്തമായി.
യു.ഡി.എഫിൽ ഐക്യം
കെ.പി.സി.സി , യു.ഡി.എഫ് നേതൃമാറ്റത്തിൽ അസ്വാരസ്യം ഉണ്ടായിരുന്നെങ്കിലും, യു.ഡി.എഫ് ഐക്യത്തിന്റെ പാതയിലേക്ക് തിരിച്ചു വന്നതാണ് നിലമ്പൂർ നൽകുന്ന സാക്ഷ്യപത്രം. വിജയിച്ചാൽ അത് യു.ഡി.എഫ് ടീം വർക്ക്, പരാജയപ്പെട്ടാൽ തന്റെ മാത്രം ഉത്തരവാദിത്തം എന്ന് തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞിരുന്നു, അച്ചടക്കത്തോടെയും ചിട്ടയായും നടത്തിയ പ്രവർത്തനമാണ് ഫലം കണ്ടത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഈ കെട്ടുറപ്പ് ശക്തിപ്പെടുമെന്നുറപ്പ്.
തിരുത്തൽ വേണ്ടിവരും
അടിയന്തരാവസ്ഥ കാലത്ത് ആർ.എസ്.എസുമായി ഉണ്ടാക്കിയ സഹകരണത്തെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തിയ പരാമർശം ചില്ലറ പുകിലല്ല ഉണ്ടാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇത് തിരുത്താൻ രംഗത്തിറങ്ങേണ്ടി വരികയും ചെയ്തു. വോട്ടെണ്ണലിന്റെ തലേന്നാൾ എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിൽ നടന്ന നേതാക്കളുടെ ശില്പശാലയിൽ പേരെടുത്തു പറഞ്ഞില്ലെങ്കിലും മൈക്കിന് മുന്നിൽ സംസാരിക്കുമ്പോൾ കാട്ടേണ്ട വിവേചനത്തെക്കുറിച്ച് പിണറായി പറഞ്ഞത് എം.വി.ഗോവിന്ദൻ അടക്കം എല്ലാവർക്കും ബോദ്ധ്യപ്പെടുകയും ചെയ്തു. അടുത്ത സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ഏതായാലും രൂക്ഷമായ ചർച്ചകൾക്ക് നിലമ്പൂർ ഫലം വഴിവയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |