തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണുന്നതിനെച്ചൊല്ലി സി.പി.എം, എസ്.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധം സംഘർഷത്തിനിടയാക്കി. വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേലിനെ നാലു മണിക്കൂർ അദ്ദേഹത്തിന്റെ മുറിയിൽ തടഞ്ഞുവച്ചു. സെനറ്റ് ഹാളിൽ പ്രതിഷേധത്തിനിടെ ബി.ജെ.പി പ്രവർത്തകർ വി.സിക്ക് കവചം തീർത്തതോടെ ഇരുകൂട്ടരും തമ്മിലുള്ള തർക്കം കൈയാങ്കളിയുടെ വക്കിലെത്തി.
ഇന്നലെ രാവിലെ എട്ടരയോടെയാണ് വോട്ടെടുപ്പ് തുടങ്ങിയത്. ഗവർണർ ഒഴികെയുള്ള എല്ലാ അംഗങ്ങളും പത്തോടെ വോട്ടുചെയ്തു. മന്ത്രി ആർ.ബിന്ദുവും മേയർ ആര്യാരാജേന്ദ്രനും എം.എൽ.എമാരും വോട്ടുചെയ്യാനെത്തി. വോട്ടിംഗ് കഴിഞ്ഞതോടെ ഉച്ചയ്ക്ക് ഒന്നേമുക്കാലിന് ഇതുസംബന്ധിച്ച് ഹൈക്കോടതി കേസ് പരിഗണിക്കുന്നുണ്ടെന്നും അന്തിമ ഉത്തരവുണ്ടായ ശേഷം എണ്ണാമെന്നും വി.സി നിലപാടെടുത്തു.
ഇതോടെ ഷിജൂഖാൻ, മുരളീധരൻ തുടങ്ങിയ ഇടതംഗങ്ങളുടെ നേതൃത്വത്തിൽ ബഹളം തുടങ്ങി. വി.സി ഇറങ്ങിപ്പോകണമെന്ന് ആക്രോശിച്ചു. പത്തേകാലോടെ വി.സി സെനറ്റ് ഹാളിൽ നിന്നിറങ്ങി ചേംബറിലേക്ക് പോയി. തുടർന്ന് ഇടതംഗങ്ങൾ അവിടേക്ക് പ്രകടനമായെത്തി വി.സിയെ ഉപരോധിച്ചു. പത്തരയ്ക്ക് തുടങ്ങിയ ഉപരോധം ഉച്ചയ്ക്ക് രണ്ടരവരെ നീണ്ടു. മാറ്റിവച്ച 15 വോട്ടുകളൊഴികെ എണ്ണി ഫലം പ്രഖ്യാപിക്കാമെന്ന് ഹൈക്കോടതി വിധി വന്നതോടെ ഉപരോധം അവസാനിപ്പിച്ചു.
വി.സിയുടെ കാറിന്റെ ടയർ കുത്തിപ്പൊളിച്ചു
വാഴ്സിറ്റി വളപ്പിൽ പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവർത്തകർ വി.സിയുടെ കാറിന്റെ ടയർ കുത്തിപ്പൊളിച്ചു. അദ്ദേഹം മറ്റൊരു വാഹനത്തിലാണ് പിന്നീട് വാഴ്സിറ്റിയിൽ നിന്ന് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |