ആശുപത്രി കിടക്കയിൽ നിന്നും നടൻ ബാലയ്‌ക്കെതിരെ മുൻ ഭാര്യയും യൂട്യൂബറുമായ എലിസബത്ത് ഉദയൻ രംഗത്ത്. മരിച്ചാലെങ്കിലും തനിക്ക് നീതി ലഭിക്കുമോ എന്ന ചോദ്യമാണ് എലിസബത്ത് വീഡിയോയിലൂടെ ചോദിക്കുന്നത്. എലിസബത്തിന്റെ ആരോഗ്യനില മോശമാണെന്നാണ് മനസിലാക്കുന്നത്. മൂക്കിൽ ട്യൂബ് ഇട്ടിരിക്കുന്ന നിലയിലാണ് വീഡിയോയിൽ കാണുന്നത്. എലിസബത്തിന് എന്താണ് സംഭവിച്ചതെന്ന ചോദ്യവും ഉയരുന്നുണ്ട്. ബാലയുടെ പേര് എടുത്ത് പറയാതെ, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ബാലയ്ക്കും അയാളുടെ വീട്ടുകാർക്കുമാണെന്ന് എലിസബത്ത് പറയുന്നു.
'അയാൾ ആണ് എന്റെ ഈ അവസ്ഥയ്ക്ക് കാരണം. മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും സമർപ്പിച്ച അപേക്ഷയിൽ നീതി ലഭിച്ചില്ല. തനിക്ക് നീതി വേണം. അയാൾ മാനസികമായും ശരീരികവുമായി ഉപദ്രവിച്ചു. ഈ ഒരു അവസ്ഥയിൽ വീഡിയോ ഇടുന്നത് എന്റെ ജീവൻ ഇനി ഉണ്ടാകുമോ എന്ന ഭയത്താലാണ്.
എന്നെ വിവാഹം ചെയ്തതും സ്‌റ്റേജ് ഷോ നടത്തി ആളുകളെയും മീഡിയക്കാരെയും വിളിച്ചു കൂട്ടിയത് എന്തിനാണ്. ഞാൻ ഭാര്യയാണെന്ന് പറഞ്ഞത് എന്തിനാണ്. എനിക്ക് സഹിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഇങ്ങനെ ഒരു അവസ്ഥയിൽ വീഡിയോ ഇടണമെന്ന് കരുതിയതല്ല. മാനസികമായും ശാരീരികമായും ഞാൻ തളർന്നുപോയിരിക്കുകയാണ്.
നിങ്ങൾ പറയൂ ഭാര്യ എന്ന് വിളിച്ചതും ചടങ്ങുകൾ നടത്തിയതും ചതി ആയിരുന്നില്ലേ. എല്ലാം പറയണമെന്ന് എനിക്ക് തോന്നി. എനിക്ക് ഭയങ്കര സങ്കടം വരുന്നു. ഭീഷണി നിറഞ്ഞ വീഡിയോയാണ് അയാൾ പുറത്തുവിട്ടത്. അത് എന്നെ ഉദ്ദേശിച്ചല്ല എന്നാണ് പറയുന്നത്. പക്ഷേ, ഞാൻ ഇങ്ങനെ പ്രതീക്ഷിച്ചില്ല. ആൾക്കാർക്ക് കാശ് മതിയല്ലോ. നീതിക്ക് വേണ്ടിയാണ് എന്റെ പോരാട്ടം.
എന്റെ പരാതി പൊലീസ് സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞ് ഞാൻ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു. പരാതി മുകളിൽ നിന്നും താഴേക്ക് ഡിവൈഎസ്പി ഓഫീസിലേക്ക് എത്തി. ഒരു തവണ വീട്ടിൽ വന്ന് അന്വേഷിച്ചു. പിന്നീട് ഒരു വിവരവും ഇല്ല. കോടതിയിൽ കേസ് നടക്കുകയാണ്. കുറേതവണ വക്കീലും അയാളും ഹാജരായില്ല. കൗണ്ടറിൽ അയാൾ കാശൊന്നും ഇല്ലെന്നാണ് പറയുന്നത്. 250 കോടിയുടെ ആസ്തിയുള്ള ആളാണ്. ഡോക്ടർ രോഗി ബന്ധം മാത്രമേ ഉള്ളൂ എന്നൊക്കെയാണ് എഴുതിയിരിക്കുന്നത്'-എലിസബത്ത് വീഡിയോയിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |