
പകരം വയ്ക്കാനില്ലാത്ത പ്രതിഭയ്ക്ക് ആദരപൂർവ്വം പ്രണാമമർപ്പിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഹാസ്യത്തിലൂടെയും മൂർച്ചയുള്ള തിരക്കഥകളിലൂടെയും മലയാളിക്ക് ജീവിതം കാണിച്ചുതന്ന പ്രിയപ്പെട്ട ശ്രീനിയേട്ടൻ. ലളിതമായ വാക്കുകളിൽ വലിയ സത്യങ്ങൾ ഒളിപ്പിച്ചുവച്ച ആ തൂലികയും അഭിനയശൈലിയും എന്നും നമ്മുടെ കൂടെയുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.
ഇന്ന് രാവിലെയാണ് നടൻ ശ്രീനിവാസൻ അന്തരിച്ചത്. എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
ശ്രീനിവാസനെ നഷ്‌ടപ്പെടുന്നുവെന്ന് താൻ ചിന്തിക്കുന്നില്ലെന്ന് നടൻ മോഹൻലാലും കുറിച്ചു. അദ്ദേഹം സിനിമകളിലൂടെ നമ്മുടെ മനസിൽ എപ്പോഴും ജീവിച്ചിരിക്കാൻ സാദ്ധ്യതയുള്ള അപൂർവം ചിലരിൽ ഒരാളാണെന്ന് താൻ വിശ്വസിക്കുന്നു. ഒരുപാട് വർഷത്തെ ഒരുമിച്ചുള്ള യാത്രയാണ് തങ്ങളുടേത്. സിനിമാനടൻ എന്നതിലുപരിയുള്ള അടുപ്പവും കുടുംബ ബന്ധങ്ങളും തങ്ങൾക്കിടയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ എല്ലാവരും വളരെ സങ്കടത്തിലാണ്. അതിലേറെ ദുഃഖത്തിലാണ് താനെന്നും മോഹൻലാൽ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |