സീരിയൽ താരങ്ങളായ ജിഷിൻ മോഹന്റെയും വരദയുടെയും വിവാഹവും വേർപിരിയലുമെല്ലാം വലിയ ചർച്ചയായതാണ്. അടുത്തിടെയാണ് ജിഷിനും സീരിയൽ നടിയുമായ അമേയ നായരും പ്രണയത്തിലാണെന്ന വിവരം പുറത്തുവന്നത്. ഇപ്പോൾ ബിഗ്ബോസ് സീസൺ ഏഴിലെ മത്സരാർത്ഥിയാണ് ജിഷിൻ. അതിനിടയിലാണ് തനിക്കുനേരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി അമേയ രംഗത്തെത്തിയിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നടി തന്റെ ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.
'ജിഷിനോട് സഹതാപത്തിൽ നിന്നാണ് എനിക്ക് പ്രണയം തോന്നിയത്. ഞങ്ങൾക്ക് പരസ്പരം അഡ്ജസ്റ്റ് ചെയ്യാൻ കഴിയാത്ത ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. എല്ലാവർക്കും പ്രശ്നങ്ങളുണ്ടല്ലോ? ഞാൻ ഒരു സീരിയലിൽ നായികയുടെ ഭർത്താവിനെ തട്ടിയെടുക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ജീവിതത്തിലും ഞാൻ അങ്ങനെയാണെന്ന തരത്തിലുളള കമന്റുകളാണ് വരുന്നത്.
ജിഷിനും ആദ്യഭാര്യയും സെലിബ്രിറ്റികളാണ്. അതുകൊണ്ടുതന്നെ വിവാഹമോചിതരായ കാര്യം ഇരുവരും ആദ്യം പുറത്തുപറഞ്ഞിരുന്നില്ല. അവർ വേർപിരിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞതിനുശേഷമാണ് ഞാനും ജിഷിനും കണ്ടുമുട്ടുന്നത്. അധികമാർക്കും ഇതൊന്നും അറിയില്ല. ഒരു സീരിയലിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നു. അങ്ങനെയാണ് സുഹൃത്തുക്കളായത്. ആറ് മാസം കഴിഞ്ഞപ്പോഴേയ്ക്കും സൗഹൃദത്തിനും അപ്പുറത്തേക്കുളള ഒരു അവസ്ഥ ഉണ്ടായി.
ഞങ്ങൾ ജീവിതകാലം മുഴുവനും ഒരുമിച്ച് ജീവിക്കും. മകനെ കാണാൻ ഞാൻ ജിഷിനെ അനുവദിക്കില്ലെന്ന് പലരും പറയുന്നുണ്ട്. എനിക്ക് അതിന്റെ ആവശ്യമില്ല. എനിക്കും രണ്ട് കുട്ടികളുണ്ട്. അവരെ ഞാനും ഇടയ്ക്ക് പോയി കാണാറുണ്ട്. 24-ാം വയസിലാണ് ഞാൻ വിവാഹമോചിതയാകുന്നത്. ഇതിനുമുൻപ് എന്റെ വീട്ടിലുളളവർക്കും ബന്ധുക്കൾക്കും ഞാൻ നല്ല സ്വഭാവമുളള കുട്ടിയായിരുന്നു. വിവാഹമോചനം എന്ന തീരുമാനമെടുത്തപ്പോൾ ഞാൻ എല്ലാവരുടെയും മുൻപിൽ അഹങ്കാരിയായി. വിവാഹബന്ധം വേർപെടുത്തിയപ്പോൾ എനിക്ക് എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. പത്താം ക്ലാസ് വരെ അന്ന് പഠിച്ചിരുന്നുളളൂ. അച്ഛനും അമ്മയും കൈയൊഴിഞ്ഞ അവസ്ഥയായി. ആദ്യ ഭർത്താവിന് എന്നേക്കാളും 12 വയസ് കൂടുതലായിരുന്നു'- അമേയ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |