
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ തേരോട്ടത്തിൽ ഇത്തവണ ആർജെഡിക്കും കോൺഗ്രസിനും സിപിഎമ്മിനും സിപിഎമ്മെലിനുമടക്കം അടിതെറ്റിയിരുന്നു. 243ൽ 202 സീറ്റുകൾ സ്വന്തമാക്കിയായിരുന്നു ബിജെപി, ജനതാദൾ യുണൈറ്റഡ്, ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാർട്ടിയടങ്ങുന്ന എൻഡിഎയുടെ ഗംഭീര പ്രകടനം. കഴിഞ്ഞ തവണ രണ്ട് സീറ്റുകളിൽ വിജയം വരിച്ച സിപിഎമ്മിന് ഇത്തവണ ഒരു സീറ്റിൽ മാത്രമേ വിജയിക്കാനായുള്ളൂ. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സിപിഎം പോളിറ്റ് ബ്യൂറോ പ്രതികരണം നടത്തി.
വർഗീയ ധ്രുവീകരണത്തിലൂടെയും കൃത്രിമങ്ങൾ നടത്തിയും വലിയ തോതിൽ പണമൊഴുക്കിയുമാണ് എൻഡിഎ വിജയം നേടിയതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആരോപിക്കുന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമടക്കം വർഗീയ ധ്രുവീകരണ, ജാതീയ പ്രസംഗങ്ങൾ നടത്തി. ബിജെപിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികൾ കൂടുതൽ ഐക്യത്തോടെ ശ്രമിക്കണം. ഈ ഫലങ്ങളുടെ പിന്നിലെ മറ്റ് ഘടകങ്ങൾ പരിശോധിക്കും. സിപിഎം വ്യക്തമാക്കുന്നു.
സിപിഎം പങ്കുവച്ച ഫേസ്‌ബുക്ക് കുറിപ്പ് ചുവടെ:
ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വിജയം കൃത്രിമങ്ങൾ നടത്തിയും വർഗീയ ധ്രുവീകരണത്തിലൂടെയും നേടിയതാണ്. മുഴുവൻ സംസ്ഥാന സംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തിയും കൃത്രിമം നടത്തിയും വൻതോതിൽ പണം ഒഴുക്കിയുമാണ് വിജയം നേടിയത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉൾപ്പെടെയുള്ള നേതാക്കൾ വർഗീയ ധ്രുവീകരണ, ജാതീയ പ്രസംഗങ്ങൾ നടത്തി. മഹാസഖ്യം ഉന്നയിച്ച ജനകീയ പ്രശ്നങ്ങളെ ബിജെപി അനുകൂല കോർപറേറ്റ് മാദ്ധ്യമങ്ങൾ മുക്കിക്കളഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ പാർടികൾ കൂടുതൽ ഐക്യത്തോടെ ശ്രമിക്കണമെന്ന് ബീഹാർ തെരഞ്ഞെടുപ്പ് കാണിക്കുന്നു. ഈ ഫലങ്ങളുടെ പിന്നിലെ മറ്റ് ഘടകങ്ങളെ സിപിഎം വിശദമായി പരിശോധിക്കും. സിപിഎം സ്ഥാനാർഥികൾക്കും മറ്റ് പ്രതിപക്ഷ പാർടികൾക്കും വോട്ട് ചെയ്ത ബീഹാറിലെ ജനങ്ങൾക്ക് നന്ദി പറയുന്നു. അടിച്ചമർത്തപ്പെട്ടവരുടെയും ചൂഷിതരുടെയും അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾ തുടരുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു.
സിപിഎം പോളിറ്റ് ബ്യുറോ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |