
തിരുവനന്തപുരം: കോൺഗ്രസിൽ ചേർന്നതിനുപിന്നാലെ സിപിഎം നേതാക്കൾ വിമർശിച്ചതിൽ മറുപടി നൽകി മുൻ എംഎൽഎ ഐഷാ പോറ്റി. തന്നെ വർഗ വഞ്ചകയെന്ന് വിളിക്കുന്നവർ മറ്റുപാർട്ടിയിൽ നിന്ന് സിപിഎമ്മിലേക്ക് വന്ന പി സരിന്റെയും ശോഭനാ ജോർജിന്റെയും കാര്യമോർക്കണമെന്നായിരുന്നു ഐഷാ പോറ്റിയുടെ പ്രതികരണം. കൂടുതൽ സ്വാതന്ത്ര്യത്തോടെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എല്ലാം തന്നെന്ന് പറഞ്ഞ പാർട്ടി ഇന്നില്ലെന്നും ഐഷാ പോറ്റി പറഞ്ഞു.
അതേസമയം, ഐഷാ പോറ്റിക്ക് അധികാരമോഹമാണെന്നും എല്ലാ സ്ഥാനങ്ങളും നൽകിയിട്ടും വഞ്ചനാപരമായ സമീപനം കാണിച്ചെന്നുമാണ് സിപിഎം നേതാക്കളുടെ വിമര്‍ശനം. ഐഷാ പോറ്റിക്ക് പാര്‍ട്ടി അവസരങ്ങള്‍ നല്‍കിയില്ലെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി വിമര്‍ശിച്ചിരുന്നു. മൂന്നുതവണ എംഎല്‍എയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി. അവഗണിച്ചെന്ന് പറയുന്നത് ശരിയല്ല. ഐഷയുടെ തീരുമാനം മതിപ്പ് ഉണ്ടാക്കുന്നതല്ലെന്നും പരാതികൾ പാർട്ടിക്കുള്ളിൽ ഉന്നയിക്കാമായിരുന്നെന്നുമാണ് എം എ ബേബി പ്രതികരിച്ചത്.
ഇന്നലെ കേന്ദ്ര സർക്കാരിനെതിരെ ലോക്ഭവനുമുന്നിൽ കോൺഗ്രസ് നടത്തുന്ന രാപകൽ സമരവേദിയിൽ അപ്രതീക്ഷിതമായെത്തിയാണ് ഐഷാ പോറ്റി കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. പ്രതിപക്ഷനേതാവ് വി ഡി സതീശനൊപ്പമാണ് അവർ സമരവേദിയിലെത്തിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് അംഗത്വം നൽകിയത്. എഐസിസി ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ, ദീപാദാസ് മുൻഷി എന്നിവർ ചേർന്ന് ഷാൾ അണിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ ഐഷാ പോറ്റി സ്ഥാനാർത്ഥിയാകുമെന്ന് സൂചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |